
ന്യൂഡൽഹി: മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച സർക്കാർ ബംഗ്ളാവിന്റെ വാടക നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്കെതിരെയുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കാലാവധി കഴിഞ്ഞും ബംഗ്ളാവിൽ തുടരുന്നതിന് കോഷിയാരിയിൽ നിന്ന് വിപണി നിരക്കിൽ വാടക ഈടാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പണം നൽകാതിരുന്ന ഗവർണർക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് നോട്ടീസ് നൽകിയതാണ് സുപ്രീംകോടതി സ്റ്റേ ചെയ്‌തത്.
രാഷ്‌ട്രപതിക്കും ഗവർണർമാർക്കും നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 361-ാം വകുപ്പനുസരിച്ച് ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന കോഷിയാരിയുടെ ആവശ്യം ജസ്റ്റിസ് ആർ.എഫ്. നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയായിരുന്നു. വിപണി നിരക്കിൽ വൻ തുക സർക്കാർ ബംഗ്ളാവിന് വാടക കണക്കാക്കിയത് വിവേചനപരവും നീതിനിഷേധവുമാണെന്നും അദ്ദേഹം ഹർജിയിൽ ആരോപിച്ചു. ഹൈക്കോടതി തന്റെ വാദങ്ങൾ കേൾക്കാതെയാണ് നടപടിക്ക് മുതിർന്നത്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും നിലവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രമേശ് പൊക്രിയാലിൽ നിന്ന് സർക്കാർ ബംഗ്ളാവിന്റെ വാടക ഈടാക്കാനുള്ള നടപടിയും സുപ്രീംകോടതി ഇടപെട്ട് തടഞ്ഞിരുന്നു.