
സ്കൂൾ ബാഗിന് കുട്ടിയുടെ ഭാരത്തിന്റെ 10 %
രണ്ടാം ക്ളാസുവരെ ഹോംവർക്കും വേണ്ട\
ന്യൂഡൽഹി: ഒന്നു മുതൽ ഹയർ സെക്കൻഡറി വരെ ക്ളാസുകളിൽ കുട്ടികളെ അമിത ഭാരമുള്ള ബാഗുകൾ ചുമപ്പിക്കുന്നതും രണ്ടാം ക്ളാസ് വരെ ഹോംവർക്ക് നൽകുന്നതും വിലക്കുന്ന നയത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകി. നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് അയച്ചു.
സ്‌കൂൾ ബാഗുകളുടെ ഭാരം കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടരുത്. ഉദാഹരണത്തിന് ഒന്ന്, രണ്ട് ക്ളാസുകളിലെ കുട്ടികൾക്ക് ശരാശരി 16- 22 കിലോ ശരീരഭാരം കണക്കാക്കി ബാഗിന്റെ ഭാരം 1.6-2.2 കിലോയിൽ കൂടരുത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുട്ടികൾക്ക് 35-50കിലോ ശരീര ഭാരം കണക്കാക്കി സ്കൂൾ ബാഗിന് ഭാരം 3.5- 5 കിലോ വരെയാവണം. ടെക്സ്റ്റ് ബുക്കുകളുടെ ഭാരം കുറച്ച് ഭാരം അതിൽ രേഖപ്പെടുത്തണം.
സ്കൂൾ ബാഗ്: നിർദ്ദേശങ്ങൾ
സ്കൂളുകളിൽ ഭക്ഷണം തയ്യാറാക്കണം (ലഞ്ച് ബോക്സിന്റെ ഭാരം കുറയ്‌ക്കാൻ).
സ്കൂളുകളിൽ കുടിവെള്ളം സജ്ജീകരിക്കണം (വാട്ടർബോട്ടിലിന്റെ ഭാരം കുറയ്ക്കാൻ).
ക്ളാസ് മുറികളിൽ ലോക്കർ സൗകര്യം ഒരുക്കണം (പെൻസിൽ ബോക്സും മറ്റും വയ്‌ക്കാൻ)
സ്‌കൂൾ ബാഗിന്റെ ഭാരം പരിശോധിക്കാൻ സ്‌കൂളുകളിൽ ഡിജിറ്റൽ യന്ത്രം
പുസ്‌തകങ്ങളും മറ്റു സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേക അറകൾ വേണം
തോളിൽ തൂക്കിയിടാൻ പറ്റുന്ന പാഡുകളും നീളം സ്ട്രാപ്പുകളും വേണം
ഹോംവർക്ക് നിർദ്ദേശങ്ങൾ
ഒന്ന്, രണ്ട് ക്ളാസുകളിൽ ഹോംവർക്ക് ഒഴിവാക്കുന്നത് ഈ പ്രായത്തിൽ കുട്ടികൾക്ക് ദീർഘനേരം ഇരിക്കുന്നതൊഴിവാക്കാൻ. പകരം ദിനചര്യ, ഭക്ഷണത്തിന്റെ വിവരങ്ങൾ, ഇഷ്‌ടാനിഷ്‌ടങ്ങൾ എന്നിവയെക്കുറിച്ച് അദ്ധ്യാപകർ ചോദിക്കണം
3,4,5 ക്ളാസുകളിൽ ഹോംവർക്ക് ആഴ്‌ചയിൽ രണ്ടു മണിക്കൂറിൽ കൂടരുത്: പഠനകാര്യങ്ങൾക്ക് പുറമെ കുട്ടികളുടെ ദിനചര്യ, ഭക്ഷണ വിഭവങ്ങൾ, വായിച്ച പുസ്‌തകങ്ങൾ, വീട്ടുകാരുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണം
6-8ക്ളാസിൽ ഹോംവർക്ക് ദിവസം ഒരു മണിക്കൂർ മാത്രം. കഥയെഴുത്ത്, ആനുകാലിക വിഷയങ്ങളിൽ ഉപന്യാസം, പ്രദേശത്തെ പ്രശ്നങ്ങളെക്കുറിച്ചും വൈദ്യുതി, ഇന്ധനം എന്നിവ ലാഭിക്കാനുള്ള വഴികളെക്കുറിച്ചും ലേഖനമെഴുത്ത്
9,10 ക്ളാസുകളിൽ പരമാവധി രണ്ടു മണിക്കൂർ ഹോംവർക്ക്. പ്രോജക്ട് വർക്കുകളും നൽകാം. ആറാം ക്ളാസിന് മുകളിൽ സിലബസിനെയും പാഠപുസ്‌തകത്തിനെയും ആസ്‌പദമാക്കിയാണ് ഹോംവർക്ക് നൽകേണ്ടത്
പൂന്തോട്ട നിർമ്മാണം, കളിമൺ പാത്ര നിർമ്മാണം തുടങ്ങിയ തൊഴിലധിഷ്‌ഠിത പ്രവൃത്തികളും ചെയ്യിക്കണം