
മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൂടി കർഷകരെ എത്തിക്കും
ന്യൂഡൽഹി: രണ്ടാഴ്ചയായി പ്രക്ഷോഭം തുടരുന്ന കർഷകരെ അനുനയിപ്പിക്കാനുള്ള മോദി സർക്കാരിന്റെ അവസാന ഫോർമുലയും തള്ളുകയും, സമരം രാജ്യവ്യാപകമായി കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്ത കർഷകസംഘടനകളും കേന്ദ്രവുമായി നേർക്കുനേർ പോരാട്ടത്തിന് കളമൊരുക്കം. താങ്ങുവില തുടരാമെന്നത് ഉൾപ്പെടെ ഇന്നലെ കേന്ദ്രം രേഖാമൂലം നൽകിയ ഉറപ്പുകൾ തള്ളിയ കർഷകർ, വിവാദ കാർഷിക നിയമങ്ങൾ പൂർണായും റദ്ദാക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. സർക്കാരുമായി ഇനി ചർച്ചയില്ല.
ചൊവ്വാഴ്ച രാത്രി അമിത്ഷാ വിളിച്ച യോഗവും അലസിയതിനു പിന്നാലെ വിവാദ നിയമങ്ങളെ കേന്ദ്രം ന്യായീകരിക്കുന്നതു ചൂണ്ടിക്കാട്ടി ഇന്നലത്തെ ആറാംവട്ട ചർച്ചയിൽ നിന്ന് കർഷകർ പിന്മാറിയിരുന്നു. തുടർന്നാണ്, താങ്ങുവില തുടരാമെന്നും, കാർഷികോത്പന്ന വിപണന സമിതി (എ.പി.എം.സി) സംവിധാനം ശക്തിപ്പെടുത്താമെന്നുമുള്ള ഉറപ്പുകൾ ഉൾപ്പെടെ ഓരോ നിർദ്ദേശവും വ്യക്തമാക്കി ഇരുപത് പേജുള്ള കുറിപ്പ് കേന്ദ്രകൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗർവാൾ കർഷക നേതാക്കൾക്ക് കൈമാറിയത്.
ഇതിനു പിന്നാലെ സിംഘു അതിർത്തിയിൽ കർഷക സംഘടനകൾ യോഗം ചേർന്ന് കേന്ദ്ര ഫോർമുല തള്ളാൻ തീരുമാനിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകരെ എത്തിച്ച് ഡൽഹി വീഥികൾ സ്തംഭിപ്പിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. നിർദ്ദേശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി 12ന് ജയ്‌പൂർ - ഡൽഹി ദേശീയപാതയും ആഗ്ര - ഡൽഹി എക്‌സ്‌പ്രസ് പാതയും ഉപരോധിക്കും. അന്ന് ടോൾപ്ലാസകളിൽ നികുതി പിരിവ് അനുവദിക്കില്ല. ഹരിയാന, പഞ്ചാബ്, യു.പി, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ 14ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കോർപ്പറേറ്റുകൾക്കെതിരായ പ്രക്ഷോഭത്തിൽ അംബാനി, അദാനി ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കും. ജിയോ മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യുന്നതിനു പുറമെ റിലയൻസ് പമ്പുകളും മാളുകളും ബഹിഷ്‌കരിക്കും.
ബി.ജെ.പി ഓഫീസുകൾക്കു മുന്നിലേക്ക് പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കും.
കർഷകർ തള്ളിയ
കേന്ദ്ര ഫോർമുല
താങ്ങുവില തുടരും
എ.പി.എം.സി ചന്തയ്ക്ക് പുറത്ത് സ്വകാര്യ കച്ചവടക്കാരുടെ രജിസ്ട്രേഷന് സംസ്ഥാനങ്ങൾക്ക് അധികാരം.
അത്തരം ചന്തകളിൽ എ.പി.എം.സികൾക്ക് തുല്യമായ നികുതി ചുമത്താം
തർക്ക പരിഹാരത്തിന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പകരം സിവിൽ കോടതികളെ സമീപിക്കാം
കരാർ കൃഷിയിൽ കർഷകരുടെ ഭൂമി നഷ്ടപ്പെടില്ല.
കരാർഭൂമിയിൽ നിർമ്മാണത്തിന് കരാറുകാരന് വായ്പ അനുവദിക്കില്ല.
കരാർഭൂമി പാട്ടത്തിനു നൽകാനോ പണയം വയ്ക്കാനോ കരാറുകാരന് അനുമതി നൽകില്ല.
കാർഷിക അവശിഷ്ടം കത്തിക്കുന്നതിനുള്ള ഭീമമായ പിഴയ്ക്ക് പരിഹാരം.