wifi

ന്യൂഡൽഹി: രാജ്യത്തുടനീളം പൊതു ഇടങ്ങളിൽ വൈഫൈ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള പ്രധാനമന്ത്രി വാണി (പി.എം വാണി) പബ്ളിക് ഡാറ്റാ ഓഫീസ് വൈഫൈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വൈഫൈ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സേവനം നൽകുന്നതിന് ഏജൻസികൾക്ക് ലൈസൻസ് ഫീ ഇല്ലാതെ അപേക്ഷിക്കാം.

ടെലികോം മന്ത്രാലയത്തിന് കീഴിലെ സരൾ സഞ്ചാർ സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ ലൈസൻസ് നേടുന്ന പബ്ളിക് ഡാറ്റാ ഓഫീസ് അഗ്രിഗേറ്റർമാർ വഴിയാണ് വൈഫൈ ബ്രോഡ്ബാൻഡ് സേവനം നൽകുക. വൈഫൈ ആക്‌സസ് പോയിന്റുകൾ സ്ഥാപിക്കലും നടത്തിപ്പും ഏജൻസികളുടെ ചുമതലയാണ്. രജിസ്റ്റർ ചെയ്ത് ഒരാഴ്‌ചയ്ക്ക‌ുള്ളിൽ ലൈസൻസ് ലഭിക്കും.

 മൊബൈൽ ഫോൺ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ വൈഫൈ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും.

 ആപ്പ് വഴി രജിസ്ട്രേഷൻ: വൈഫൈ സേവനം ഉപയോഗിക്കുന്നവർ പ്രത്യേക മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. വൈഫൈ സേവനം ലഭ്യമാകുന്ന പ്രദേശങ്ങൾ ആപ്പിലൂടെ അറിയാം.

 കേന്ദ്ര രജിസ്റ്റർ: വൈഫൈ സേവനം ലഭ്യമാക്കുന്ന ഏജൻസികൾ, ആപ്പ് ദാതാക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ ടെലികോം മന്ത്രാലയത്തിന് കീഴിലെ രജിസ്ട്രിയിൽ സൂക്ഷിക്കും.

കൊച്ചി - ലക്ഷദ്വീപ് ഒ.എഫ്.സി പദ്ധതിക്ക് അംഗീകാരം

കൊച്ചിയിൽ നിന്ന് കടലിനടിയിലൂടെ ഒപ്ടിക്കൽ കേബിൾ ഫൈബർ വലിച്ച് ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റും ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കവരത്തി, കൽപേനി, അഗരത്തി, ആന്ദ്രോത്, മിനിക്കോയ്, ബംഗാരം, ബിത്ര, ചെത്‌ലത്, കിൽത്തൻ, കദ്മത് ദ്വീപുകളെ ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി ബന്ധപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി ചെലവ്: 1027 കോടിയും കാലയളവ്: 5 വർഷവുമാണ്.

നിലവിൽ ഉപഗ്രഹം വഴിയാണ് ലക്ഷദ്വീപിൽ ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. എന്നാൽ ഒരു ജിബി ബാൻഡ് വിഡ്ത് മാത്രമായതിനാൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസം നേരിടാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒ.എഫ്.സി വഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നത്.