
ന്യൂഡൽഹി: മൂന്നാം കൊവിഡ് പാക്കേജിന്റെ ഭാഗമായി ഇ.പി.എഫ് സബ്സിഡി നൽകുന്ന ആത്മനിർഭർ ഭാരത് റോസ്ഗാർ യോജ്ന പദ്ധതിക്ക് 2020-23 വർഷത്തേക്ക് 22,810കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നടപ്പു സാമ്പത്തിക വർഷം 1584 കോടി രൂപയും വകയിരുത്തി.
കൊവിഡ് പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് പുതിയ ജീവനക്കാരുടെ ഇ.പി.എഫ് വിഹിതത്തിന് 2021 ജൂൺ വരെ കേന്ദ്ര സബ്സിഡി നൽകുന്നതാണ് പദ്ധതി. ആയിരത്തിൽ താഴെ ജീവനക്കാരാണെങ്കിൽ 24ശതമാനം തൊഴിലുടമ - തൊഴിലാളി വിഹിതത്തിനും ആയിരത്തിലധികം ജീവനക്കാരുണ്ടെങ്കിൽ 12ശതമാനം തൊഴിലാളി വിഹിതത്തിനുമാണ് സബ്സിഡി. 15,000 രൂപയിൽ താഴെ ശമ്പളമുള്ള പുതിയ ഇ.പി.എഫ് അംഗങ്ങൾക്കും മാർച്ച് ഒന്നിനും സെപ്‌തംബർ 30നും ഇടയിൽ കൊവിഡിൽ ജോലി നഷ്‌ടമായവർക്കും ഒക്‌ടോബർ ഒന്നു മുതൽ ജോലിയിൽ വീണ്ടും പ്രവേശിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.