farmers-strike

ന്യൂഡൽഹി: മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
ജനാധിപത്യവിരുദ്ധമായാണ് പുതിയ നിയമങ്ങൾ പാർലമെൻറിൽ പാസാക്കിയത്. താങ്ങുവില ഇല്ലാതാക്കാനും കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതാനുള്ളതുമാണ് നിയമം. വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നവ ഉൾപ്പെടെ 20ലേറെ രാഷ്ട്രീയ പാർട്ടികൾ ചരിത്രപരമായ കർഷക സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ നിയമങ്ങൾ പിൻവലിക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപതിയെ അറിയിച്ചതായി രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കർഷകരെ അവഹേളിക്കുന്ന രീതിയിലാണ് പാർലമെന്റിൽ കർഷക നിയമങ്ങൾ പാസാക്കിയത്. അതുകൊണ്ടാണ് കടുത്ത ശൈത്യത്തിലും അവർ പ്രതിഷേധിക്കുന്നത്. 'പ്രധാനമന്ത്രിയുടെ സുഹൃത്തു'ക്കൾക്ക് കാർഷിക മേഖല കൈമാറുന്നതിനാണ് പുതിയ നിയമങ്ങൾ. എന്നാൽ കർഷകർ ധൈര്യശാലികളാണെന്നും സമാധാനപരമായി സമരം തുടരുമെന്നും രാഹുൽ പറഞ്ഞു.
ആവശ്യമായ ചർച്ചകളില്ലാതെയാണ് പുതിയ നിയമം പാസാക്കിയതെന്ന് ശരദ് പവാർ ചൂണ്ടിക്കാട്ടി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും അംഗീകരിക്കാതെ വേഗത്തിൽ ബില്ലുകൾ പാസാക്കുകയായിരുന്നു. പവാർ പറഞ്ഞു.
ജനാധിപത്യവിരുദ്ധമായാണ് പുതിയ നിയമങ്ങൾ പാർലമെൻറിൽ പാസാക്കിയതെന്ന് സീതാറാം യെച്ചൂരിയും ചൂണ്ടിക്കാട്ടി.