
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെയും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കൊവിഡ് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നിഷേധിച്ചുവെന്ന റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളി. ഇത് വ്യാജവാർത്തയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആരോഗ്യമന്ത്രാലയം നൽകിയില്ല.
ഫൈസർ വാക്‌സിന് പുറമെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിനും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനും അടിയന്തര ഉപയോഗത്തിനായി ഡ്രഗ്രസ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അന്തിമഘട്ട പരീക്ഷണം തുടരുന്ന കൊവാക്‌സിന്റെയും കൊവിഷീൽഡ് വാക്‌സിന്റെയും അപേക്ഷ അംഗീകരിച്ചില്ല. രണ്ടു കമ്പനികളോടും കൂടുതൽ ഡാറ്റകൾ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇതേ തുടർന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം പ്രതികരിച്ചത്.