punjab-scientist-refuses-

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി കേന്ദ്രമന്ത്രി വിതരണം ചെയ്ത പുരസ്‌കാരം നിഷേധിച്ച് പഞ്ചാബിലെ കാർഷിക ശാസ്ത്രജ്ഞന്റെ പ്രതിഷേധം. പഞ്ചാബ് കാർഷിക സർവകലാശാലയിലെ പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റായ ഡോ.വരീന്ദ്രപാൽ സിംഗാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫെർട്ടിലൈസേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ നൽകിയ അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ചത്. കേന്ദ്രരാസവളം മന്ത്രി സദാനന്ദ ഗൗഡയായിരുന്നു പുരസ്കാരം സമ്മാനിക്കാനെത്തിയത്. വരീന്ദർപാൽ സിംഗ് സ്റ്റേജിലെത്തിയശേഷം പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു. ഇത്രയും കാലം ചെയ്തതല്ലൊം കർഷകർക്കും രാജ്യത്തിനും വേണ്ടിയാണ്. സർക്കാർ കർഷകരെ കേൾക്കണമെന്നും ഈ ഘട്ടത്തിൽ പുരസ്‌കാരം സ്വീകരിക്കാൻ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരസ്‌കാരം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിച്ചു. പിന്നീട് പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വരീന്ദർപാൽ സിംഗ് കത്തയക്കുകയും ചെയ്തു.