pf

ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപത്തിന് ഈ സാമ്പത്തിക വർഷം തീരുമാനിച്ച 8.5 ശതമാനം പലിശ രണ്ടു ഗഡുവായി നൽകാനുള്ള തീരുമാനം ഇ.പി.എഫ്.ഒ മാറ്റുന്നു. പലിശ ഒറ്റത്തവണയായി നൽകാമെന്ന് തൊഴിൽ മന്ത്രാലയം ധനമന്ത്രാലയത്തെ അറിയിച്ചു. ധനമന്ത്രാലയം അംഗീകരിച്ചാൽ അതിനുള്ള ഉത്തരവിറങ്ങും.

കൊവിഡ് പ്രതിസന്ധിയിൽ വരുമാനം കുറയുമെന്ന പ്രതീക്ഷയിൽ 8.5 ശതമാനം പലിശയിൽ നവംബർ വരെ 8.15 ശതമാനവും ബാക്കി 0.35 % ഡിസംബറിലും നൽകാനായിരുന്നു സെപ്‌തംബർ 9ന് കേന്ദ്ര ട്രസ്‌റ്റിബോർഡ് തീരുമാനിച്ചത്.

ഓഹരി വിൽപനയിലൂടെ കൂടുതൽ വരുമാനം വന്ന സാഹചര്യത്തിലാണ് പലിശ ഒറ്റത്തവണയായി നൽകാനുള്ള നീക്കം.

കൊവിഡ് മൂലം വരുമാനത്തിൽ 2500 കോടി കുറയുമെന്ന കണക്കുകൂട്ടലിലാണ്

കഴിഞ്ഞ വർഷത്തെ 8.65 % പലിശ ഇക്കൊല്ലം 8.50 ശതമാനമായി കുറച്ചത്. പലിശ കുറച്ചതും രണ്ട് ഗഡുക്കളായി നൽകാനുമുള്ള തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 1977-78ൽ 8% പലിശ നൽകിയതിന് ശേഷം ഇ.പി.എഫ്.കുറഞ്ഞ പലിശ നൽകുന്നത് ഇപ്പോഴാണ്.