modi

 പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു

ന്യൂഡൽഹി: സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ 21-ാം നൂറ്റാണ്ടിലെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റാൻ ഇന്ത്യയ്‌ക്ക് പുതിയ പാർലമന്റ് മന്ദിരം പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പഴയ മന്ദിരം സ്വതന്ത്ര ഇന്ത്യയുടെ വളർച്ച രേഖപ്പെടുത്തിയെങ്കിൽ പുതിയത് ആത്മനിർഭർ ഭാരതത്തിനുള്ള വഴി തെളിക്കും. പാർലമെന്റ് വളപ്പിൽ പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മവും ഭൂമിപൂജയും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചു.

നിലവിലെ പാർലമെന്റ് മന്ദിരത്തിന് 93 വർഷം പഴക്കമുള്ളതിനാൽ പുതിയത് നിർമ്മിക്കേണ്ടത് അനിവാര്യമായി. പഴയ മന്ദിരം താത്ക്കാലിക ആവശ്യങ്ങൾ മുൻനിറുത്തി അറ്റകുറ്റപ്പണി നടത്തി വരികയാണ്. അതിന് വിശ്രമം നൽകാൻ സമയമായി. സ്വാതന്ത്ര്യാനന്തരം ആദ്യമായി നിർമ്മിക്കുന്ന ജനകീയ പാർലമെന്റ് മന്ദിരം പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും യോജിച്ചതാവും. എല്ലാ തരത്തിലും പുതിയ തുടക്കമാണിത്. ആധുനിക ജോലി അന്തരീക്ഷം നൽകുന്ന പുതിയ മന്ദിരം എം.പിമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കും. സന്ദർശകരെ സ്വീകരിക്കാൻ സൗകര്യമുണ്ടാകും.

എം.പിയായി 2014 ൽ ആദ്യമായി പാർലമെന്റിൽ പ്രവേശിച്ച നിമിഷം ഒരിക്കിലും മറക്കാനാവില്ല. തല കുനിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അഭിവാദ്യം ചെയ്താണ് പ്രവേശിച്ചത്. ഇന്ത്യയിൽ ജനാധിപത്യം ജീവിതരീതിയും ജനതയുടെ ആത്മാവുമാണ്. അത് നൂ​റ്റാണ്ടുകളുടെ അനുഭവത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു സംവിധാനമാണത്. ലോകത്ത് മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ വോട്ടു ശതമാനം കുറയുമ്പോൾ ഇന്ത്യയിലത് വർദ്ധിക്കുകയാണ്.

വ്യത്യസ്ത കാഴ്ചപ്പാടുകളും വിഭിന്ന ആശയങ്ങളും തമ്മിലുള്ള സംവാദങ്ങൾ നടക്കുകയും പലതരക്കാരെയും കൂട്ടിയിണക്കുകയും ചെയ്യുന്ന ഇടമാണ് പാർലമെന്റ്. രാഷ്‌ട്രീയ ഭിന്നതകളും നയങ്ങളിലെ വ്യത്യാസങ്ങളും മറന്ന് രാഷ്‌ട്രസേവയെന്ന ആത്യന്തിക ലക്ഷ്യത്തിനായി ഒന്നിക്കുന്നു. ഓരോ പാർലമെന്റ് അംഗവും പൊതുജനങ്ങളോടും ഭരണഘടനയോടും ഉത്തരവാദിത്വമുള്ളവരാണ്. അവരുടെ സമർപ്പണം, സേവനം, പെരുമാ​റ്റം, ചിന്ത, പെരുമാ​റ്റം എന്നിവയാണ് പാർലമെന്റ് മന്ദിരത്തിന് പൂർണത നൽകുക.

ജനാധിപത്യത്തോടുള്ള വിശ്വാസം തെളിയിക്കാൻ ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്.

രാജ്യ താത്പര്യത്തിനാകണം മുൻഗണന.

ഇന്ത്യയെ ഒന്നാമതാക്കാൻ ഓരോ പൗരനും പ്രതിജ്ഞയെടുക്കണം. അവരുടെ തീരുമാനങ്ങൾ ഇന്ത്യയുടെ പുരോഗതിയും വികസനവും ലക്ഷ്യമിട്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രൗഢ ഗംഭീരമായി തറക്കല്ലിടൽ ചടങ്ങ്

പഴയ മന്ദിരത്തിന് സമീപത്തായി സജ്ജീകരിച്ച വേദിയിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുൻപു തന്നെ പൂജാ കർമ്മങ്ങൾ തുടങ്ങിയിരുന്നു. ഒരു മണിക്ക് പുരോഹിതൻമാർക്കൊപ്പം പ്രധാനമന്ത്രി ഭൂമിപൂജ തുടങ്ങി. ശേഷം പ്രധാനമന്ത്രി തറക്കല്ലിടൽ വിവരങ്ങൾ രേഖപ്പെടുത്തിയ ലോക ഫലകം അനാവരണം ചെയ്‌തു. ഇംഗ്ളീഷിലും ഹിന്ദിയിലും ഭരണഘടനയുടെ പേജിന്റെ മാതൃകയിലാണ് ഫലകം. തുടർന്ന് വേദിയിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ സന്ദേശം രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് വായിച്ചു. സിവിൽ വ്യോമയാനമന്ത്രി ഹർദേവ് സിംഗ്പുരി സ്വാഗതവും പാർലമെന്റ് കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നന്ദിയും പറഞ്ഞു. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, എം.പിമാർ, പ്രതിപക്ഷ നേതാക്കൾ, നിയമസഭാ സ്‌പീക്കർമാർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചു.

 നിർമ്മാണം ഉടനില്ല

സുപ്രീംകോടതി ഉത്തരവുള്ളതിനാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കില്ല. പുതിയ പാർലമെന്റ് മന്ദിരം അടക്കമുള്ള സെൻട്രൽ വിസ്‌താ പദ്ധതിക്കെതിരെ നൽകിയ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിലാണിത്. അതുവരെ പാർലമെന്റ് വളപ്പിലെ മരങ്ങൾ മുറിക്കരുതെന്നും കെട്ടിടങ്ങളും മറ്റും പൊളിക്കരുതെും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.