exam

ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം മുതൽ ജെ.ഇ.ഇ മെയിൻ പരീക്ഷ നാലു തവണകളായി നടത്തുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. 2021ലെ നീറ്റ് പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

2021ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ ഫെബ്രുവരി അവസാനം തുടങ്ങി മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി, 3-4 ദിവസം കൊണ്ട് നടത്താനാണ് നിർദ്ദേശം വന്നിട്ടുള്ളത്. റാങ്ക് നിർണയത്തിനായി ഇവയിലെ ഏ​റ്റവും മികച്ച പ്രകടനം പരിഗണിക്കും. സിലബസിൽ മാറ്റമുണ്ടാകില്ല. കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ് എന്നീ വിഷയങ്ങളിൽ ആകെയുള്ള 90 മാർക്കിൽ 75 മാർക്കിനുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരം നൽകാം (ഓരോ വിഷയത്തിനും 25വീതം).

കേന്ദ്ര ആരോഗ്യമന്ത്രാലയം, ദേശീയ മെഡിക്കൽ കമ്മിഷൻ എന്നിവയുമായി ചർച്ച ചെയ്തശേഷം നീ​റ്റ് 2021 (യു.ജി ) പരീക്ഷയ്ക്കുള്ള തീയതി തീരുമാനിക്കും. സിലബസിൽ മാറ്റമുണ്ടാകില്ല. ബന്ധപ്പെട്ടവരുമായി ചർച്ചകൾക്കുശേഷം സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാതീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രാക്ടിക്കൽ ഉൾപ്പെടെ ബോർഡ് പരീക്ഷകളുടെ തീയതി സംബന്ധിച്ച് സി.ബി.എസ്.ഇ തീരുമാനിച്ചിട്ടില്ല. എഴുത്തു പരീക്ഷയ്ക്ക് മുമ്പായി പ്രാക്ടിക്കൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിലെ പുതുക്കിയ പാഠ്യപദ്ധതി സി.ബി.എസ്.ഇ വെബ്‌സൈ​റ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒഴിവാക്കിയ ഭാഗത്തിന്റെ വിവരവും ലഭ്യമാണ്. ഓരോ പാഠ ഭാഗത്തിന്റെയും വീഡിയോ വെബ്‌സൈ​റ്റിൽ അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശം നൽകുമെന്നും രമേശ് പൊക്രിയാൽ അറിയിച്ചു.