farmer

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ ഇന്നലെയും ആവർത്തിച്ചതിനിടെ,​ ദേശീയപാതകൾ കൂടാതെ രാജ്യവ്യാപകമായി ട്രെയിൻ തടഞ്ഞും പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകളുടെ തീരുമാനം.

കർഷകർ പാളങ്ങളിലിറങ്ങി പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൂട്ടാ സിംഗ് അറിയിച്ചു. തീയതി ഉടൻ പ്രഖ്യാപിക്കും. ഡിസംബർ 12 മുതൽ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് തിരിച്ചു.

പഞ്ചാബിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. ചിലതു വഴിതിരിച്ചുവിട്ടു. ഹരിയാനയിലെ പൽവേലിൽ ഡൽഹി - ആഗ്ര ദേശീയപാതയിൽ ഉപരോധം തുടങ്ങി. സി.പി.എം എം.പി കെ.കെ രാഗേഷടക്കമുള്ള കിസാൻ സഭാ നേതാക്കൾ പങ്കെടുത്തു. കർഷകരെ തടയരുതെന്ന് സംസ്ഥാന സർക്കാരുകളോട് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കോർപറേറ്റ് സൗഹൃദ മുഖമാണ് കൃഷിമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ തുറന്നു കാട്ടപ്പെട്ടതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.

കൂടുതൽ ചർച്ചയ്‌ക്ക് തയ്യാർ: കേന്ദ്രം

തുറന്ന മനസോടെ കർഷകരുടെ ആശങ്കകൾ കേൾക്കാമെന്നും ഏത് നിമിഷവും സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്നും തോമർ ആവർത്തിച്ചു. കേന്ദ്രത്തിന്റെ ശുപാർശകൾ പരിശോധിക്കണം. ഒരു നിയമവും പൂ‌ർണമായും കുറ്റമറ്റതല്ല.
കാർഷിക മേഖലയിലെ പരിഷ്‌കാരത്തിനാണ് പുതിയ നിയമം. മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കണം.

താങ്ങുവിലയെയും എ.പി.എം.സി മാർക്കറ്റ് സംവിധാനത്തെയും പുതിയ നിയമം ബാധിക്കില്ല. താങ്ങുവില തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കർഷകരുടെ ഭൂമി വ്യവസായികൾ കൈക്കലാക്കുമെന്നാണ് പരാതി. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ കുറെ നാളായി കരാർകൃഷി നിലവിലുണ്ട്. അവിടെയൊന്നും അത്തരം അനുഭവങ്ങളില്ല.

കർഷകരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ശുപാർശകൾ കേന്ദ്രം രേഖാമൂലം നൽകിയത്. അത് എത്രയുംവേഗം പരിഗണിക്കണം. കൂടുതൽ സമരപരിപാടികൾ പ്രഖ്യാപിച്ചത് ശരിയല്ലെന്നും കൊവിഡിലും കടുത്ത തണുപ്പിലും കർഷകർ സമരം തുടരുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്നും തോമർ പറഞ്ഞു. സമരം അവസാനിപ്പിച്ച് കർഷകർ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആവശ്യപ്പെട്ടു. രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രിയിൽ കർഷകർക്കുള്ള പൂർണവിശ്വാസമാണ് തെളിയിക്കുന്നതെന്ന് ഗോയൽ പറഞ്ഞു.