
ന്യൂഡൽഹി: ഡൽഹി കലാപത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കുറ്റപ്പെടുത്തുന്ന ഫാക്‌ട് ഫൈൻഡിംഗ് റിപ്പോർട്ട് സി.പി.എം പുറത്തുവിട്ടു. കർഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കിയും കലാപത്തിന് തടയിടാമായിരുന്നിട്ടും അമിത് ഷാ അതു ചെയ്‌തില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നഷ്‌ടപരിഹാരം വൈകിച്ചതിന് ആം ആദ്‌മി സർക്കാരിനും വിമർശനമുണ്ട്. റിട്ട. ഹൈക്കോടതി ജഡ്‌ജിനെ വച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.
കലാപത്തിൽ പ്രകോപനം സൃഷ്‌ടിച്ച ഹിന്ദുത്വ വിഭാഗവും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മറുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. പലയിടത്തും പൊലീസ് ഹിന്ദുത്വ വിഭാഗത്തിന് പിന്തുണ നൽകി. കലാപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാർലമെന്റിൽ പ്രസ്‌താവന നടത്തിയ അമിത് ഷാ കുറ്റം പ്രതിപക്ഷത്തിനുമേൽ ചാരുകയാണ് ചെയ്തത്. പിന്നീട് ഡൽഹി പൊലീസ് നിരവധി വിദ്യാർത്ഥികളെ പ്രതിചേർത്തു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
എന്നാൽ കലാപത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അമിത് ഷാ വ്യക്തമാക്കിയില്ല. ഡൽഹി പൊലീസും ദ്രുതകർമ്മ സേനയും എണ്ണത്തിൽ കുറവായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കളായ കപിൽ മിശ്രയും അനുരാഗ് ഠാക്കൂറും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ കണ്ടില്ലെന്നു നടിച്ചു. കലാപം അമർച്ച ചെയ്തതിന് ഡൽഹി പൊലീസിനെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.