rape

ന്യൂഡൽഹി: സി.ആർ.പി.എഫ് ഡി.ഐ.ജി റാങ്കിലുള്ള ചീഫ് സ്‌പോർട്സ് ഓഫീസർക്കും പരിശീലകനുമെതിരെ ലൈംഗിക പീഡന പരാതിയുമായി 30കാരിയായ ഗുസ്‌തി താരം രംഗത്ത്. ചീഫ് സ്‌പോർട്സ് ഓഫീസറും 1986 സോൾ ഏഷ്യാഡിൽ നീന്തലിൽ വെള്ളി മെഡൽ നേടിയ ഖജൻസിംഗ്, കോച്ച് സുർജിത് സിംഗ് എന്നിവർക്കെതിരെയാണ് പരാതി. ഒരു അന്താരാഷ്‌ട്ര മത്സരത്തിൽ വെള്ളി മെഡൽ ജേതാവാണ് പരാതിക്കാരി.

2012ൽ സി.ആർ.പി.എഫ് ഗുസ്‌തി ടീമിൽ അംഗമായത് മുതൽ പീഡനം നേരിടുകയാണെന്നും ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം കാരണം പല തവണ നൽകിയ പരാതികൾ പിൻവലിക്കേണ്ടി വന്നുവെന്നും അവർ പറയുന്നു. ഖജൻസിംഗും സുർജിത് സിംഗും ഡൽഹിയിലെ ഒരു ഫ്ളാറ്റിൽ വച്ച് മാനഭംഗപ്പെടുത്തിയെന്നും നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സേനയിൽ നിരവധി സ്‌ത്രീകളും സമാനമായ അനുഭവം നേരിടുന്നുണ്ടെന്നും യുവതി പറയുന്നു.

ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.ആർ.പി.എഫിന്റെ ആഭ്യന്തര സമിതിയും പരാതിയിൽ നടപടിയെടുക്കും.