
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിന് സമാനമായി 21 വയസാക്കുമെന്നത്. മതസംഘടനകളടക്കം ഒട്ടേറെപേർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 18 വയസാകുമ്പോൾ വോട്ട് ചെയ്യാം, കോൺട്രാക്ടിൽ ഏർപ്പെടാം, ഭൂമിവാങ്ങിക്കാം എന്നിങ്ങനെ പൗരന് അവകാശം നൽകുമ്പോൾ വിവാഹപ്രായം മാത്രം 21 ആക്കുന്നത് ഹിഡൻ അജണ്ടകൾ മുൻനിറുത്തിയാണെന്നാണ് പ്രതിഷേധക്കാരുടെ ന്യായം. എന്നാൽ നിയമപ്രകാരം വിവാഹപ്രായം 18 ആയിട്ടുകൂടി രാജ്യത്തെ മുപ്പത്തഞ്ച് ശതമാനം പെൺകുട്ടികളും ശൈശവത്തിലോ കൗമാരത്തിലോ വിവാഹം കഴിപ്പിച്ചുവിടുന്ന ഗതികേടിലാണ് നമ്മുടെ രാജ്യമെന്ന് എത്രപേർക്കറിയാം.
നിയമങ്ങൾക്ക് അതീതരായ 35 ശതമാനം
യുനിസെഫിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ആകെ സ്ത്രീ ജനസംഖ്യയിൽ മൂന്നിൽ ഒരു വിഭാഗം നിയമാനുസൃതമായ വിവാഹപ്രായം എത്തുന്നതിന് മുൻപ് വിവാഹത്തിലേക്ക് എത്തിപ്പെട്ടവരാണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 223 മില്യൺ ശൈശവ വിവാഹങ്ങൾ. ഇതിൽ 102 മില്യൺ 15 വയസ് എത്തുന്നിന് മുൻപേ വിവാഹിതരായവരാണ്.
2015ലെ ദേശീയ കുടുംബ ആരോഗ്യ സർവേ പ്രകാരം പ്രതിവർഷം 27 ശതമാനം പെൺകുട്ടികളെ 18 വയസിന് മുൻപ് വിവാഹം കഴിപ്പിക്കുന്നു. ഏഴ് ശതമാനം പെൺകുട്ടികളെ 15 വയസിന് മുൻപ് വിവാഹം കഴിപ്പിച്ച് ബാദ്ധ്യതയില്ലാതാക്കുന്നു.
വർഷാവർഷം സ്ത്രീശാക്തീകരണ പദ്ധതികളടക്കം പ്രഖ്യാപിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാരുകൾ മുന്നോട്ടോടുമ്പോഴാണ് പുസ്തകങ്ങളും കളിപ്പാട്ടങ്ങളും പിടിക്കേണ്ട കൈകളിൽ കുടുംബഭാരം ഏൽപ്പിച്ച് അടുക്കളപ്പുറത്തേക്ക് ഒതുക്കുന്നത്.
15ൽ നിന്ന് 18 ലേക്ക്
1929ലെ ശാരദ ആക്ടിൽ ഭേദഗതി വരുത്തി 1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. 2006 ലെ ചൈൽഡ് മാര്യേജ് ആക്ട് അനുസരിച്ച് സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിനും മാതൃമരണ നിരക്ക് കുറയ്‌ക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടായിരുന്നു ആ മാറ്റം.18 വയസിന് മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഏറെയായിരുന്നു. മാത്രമല്ല സ്വന്തം ശരീരത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്.
ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികരോഗങ്ങൾ, മാതൃമരണനിരക്ക് എന്നിവയെല്ലാം 18 വയസിന് മുമ്പുള്ള വിവാഹത്തിൽ ഏറെയാണ്. വിവാഹപ്രായം 18 ആണെങ്കിലും അതിന് മുമ്പ് വിവാഹിതരാകുകയും ആദ്യത്തെ കുട്ടിക്ക് 18-ാം വയസിൽ ജന്മം നൽകുകയും ചെയ്യുന്ന സ്ത്രീകൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എൻ.സി.ബി.ഐ 2005 2006 ൽ പുറത്തിറക്കിയ പഠനമനുസരിച്ച് 20 മുതൽ 24 വയസ് വരെയുള്ള ഇന്ത്യയിലെ സ്ത്രീകളിൽ 44.5 ശതമാനം ആളുകളും 18 -ാം വയസിൽ വിവാഹിതരായവരാണ്. 22 ശതമാനം സ്ത്രീകളുടെ ആദ്യ പ്രസവം 18 19 വയസിൽ തന്നെ നടക്കുന്നു. 2017 ൽ മാത്രം 15 നും 19 നും ഇടയിൽ പ്രായമുള്ള 35,000 സ്ത്രീകൾ പ്രസവവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചതായാണ് കണക്കുകൾ.
കെട്ടാൻ ഒരോരോ കാരണങ്ങൾ
ലിംഗ അസമത്വത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒന്നാണ് പെൺകുട്ടികളെ പതിനെട്ട് തികയും മുൻപ് വിവാഹം കഴിപ്പിച്ചയയ്ക്കൽ. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ താഴെയാണെന്നുള്ള പാട്രിയാർക്കിയൽ ചിന്ത. വേറെയുമുണ്ട് നൂറ് നൂറ് കാരണങ്ങൾ-
പാരമ്പര്യം
പെൺകുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിയിട്ട് കടമ പൂർത്തിയാക്കലാണ് വിവാഹമെന്ന് ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും. പെൺകുട്ടികൾ എന്നും ഒരു ബാദ്ധ്യത തന്നെയാണ്. ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കുകയാണ് ആണിന് ശോഭയെങ്കിൽ സ്ത്രീ വിവാഹത്തിലൂടെ മാത്രമേ സമ്പൂർണയാകുവെന്ന ചിന്ത. ആ സമ്പൂർണത എത്രയും പെട്ടെന്ന് മകൾക്ക് നൽകാൻ വിവാഹവും എത്രയും വേഗം നടത്താൻ മാതാപിതാക്കൾ മത്സരിക്കുന്നു.
അഭി 'മാനം'
വിവാഹത്തിലെത്തുന്നതുവരെ പെൺകുട്ടിയുടെ മാനം മാതാപിതാക്കൾക്ക് അഭിമാനപ്രശ്‌നവും സമ്മർദ്ദവുമാണ്. വിവാഹത്തിലൂടെ ആ സമ്മർദ്ദം മാതാപിതാക്കൾ ഇല്ലാതെയാക്കുന്നു.
ദാരിദ്ര്യം
ശൈശവ വിവാഹത്തിന് ദാരിദ്ര്യം ഒരു പ്രധാന കാരണം തന്നെയാണ്. വീട്ടിലെ ദാരിദ്ര്യത്തിൽ നിന്ന് മകളെ എത്രയും വേഗം മോചിപ്പിക്കാൻ വിവാഹത്തിലൂടെ മാതാപിതാക്കൾ ശ്രമിക്കുന്നു
പതിനെട്ട് കഴിഞ്ഞാലും രക്ഷയില്ല
2018 ജനുവരിയിൽ കേരളത്തിലെ ഒരു പുരുഷന്റെ ശരാശരി വിവാഹപ്രായം 27.3 ഉം തമിഴ്‌നാട്ടിലേത് 25.6 ഉം ആണ്. കേരളത്തിലേത് രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി വിവാഹപ്രായമാണ്. ഒറീസയ്ക്കും അസമിനുമൊപ്പം കർണാടകയും മൂന്നാംസ്ഥാനത്തുണ്ട്. അവിടങ്ങളിൽ ശരാശരി 25 തൊട്ടുമുകളിൽ. ആന്ധ്രപ്രദേശിലും തെലങ്കാനയിലും പുരുഷൻമാരുടെ ശരാശരി വിവാഹപ്രായം 23 ആണ്. അതേസമയം, ഇന്ത്യയിലെ ശരാശരി വിവാഹപ്രായം 23.2 ആണ്. 2011 ലെ സെൻസസ് വിവരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ പുരുഷൻമാരുടെ ശരാശരി വിവാഹപ്രായത്തിൽ നേരിയ കുറവുണ്ടായി. അത് 23.3 ൽ നിന്ന് 23.2 ആയി കുറഞ്ഞു. 2018 ലെ സർവേ പറയുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 20 ആണെന്നാണ്. 2011ലെ സെൻസസ് വിശദാംശങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് നേരിയ വർദ്ധനയാണ്. 2011ൽ ഇത് 19.3 ആയിരുന്നു. ജമ്മുകശ്മീരിലെ സ്ത്രീകളാണ് കൂടുതൽ വൈകി വിവാഹം കഴിക്കുന്നത്. അവരുടെ ശരാശരി വിവാഹപ്രായം 22 ആണ്. കേരളവും തമിഴ്‌നാടും തൊട്ടുപിറകേയുണ്ട്. ഇവിടങ്ങളിൽ ഇത് യഥാക്രമം 21.4ഉം 21. 2ഉം ആണ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണ്. അവിടങ്ങളിൽ 19 വയസിൽ പെൺകുട്ടികൾ വിവാഹിതരാകുന്നു.
ഒൻപത് കൊല്ലത്തെ മാറ്റം
ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായവുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വധുക്കൾ പ്രായം കൂടിയവരാണ് എങ്കിൽപ്പോലും ഒൻപതു വർഷം കൊണ്ട് എന്തുമാറ്റമുണ്ടായി എന്ന് നോക്കുന്ന സമയത്ത് നമുക്ക് കിട്ടുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. എസ്.ആർ.എസ് സർവേയുടെ അവസാന വിശദാംശങ്ങൾ അനുസരിച്ച് 2005ൽ നിന്ന് 2018 ലെത്തുമ്പോൾ തെക്കേ ഇന്ത്യയിലെ നഗര-ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിവാഹപ്രായം 22. 9ൽ നിന്ന് 21.4 ആയി കുറഞ്ഞു. തമിഴ്‌നാട്ടിലും സമാനമായ ഒരു പ്രവണതയാണ് കാണുന്നത്. 2005ലെ 21.8 ൽ നിന്ന് സ്ത്രീകളുടെ വിവാഹപ്രായം 2018ൽ 21.2 ആയി കുറഞ്ഞു. അതേസമയം, കർണാടകയിലെയും ആന്ധ്രപ്രദേശിലെയും ചിത്രം വ്യത്യസ്തമാണ്. കർണാടകയിൽ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 20.1 ആയിരുന്നെങ്കിൽ ജനുവരി 2018ൽ അത് 20.6 ആയി വർദ്ധിച്ചു. 2005ൽ അവിഭക്ത ആന്ധ്രാപ്രദേശിൽ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 18.65 ആയിരുന്നുവെങ്കിൽ 2018ൽ തെലങ്കാനയിലെ സ്ത്രീകൾ 19.9 വയസിലും ആന്ധ്രാപ്രദേശിൽ 19.7 വയസിലും വിവാഹിതരാകുന്നു. ജമ്മുകാശ്മീരിലെ സ്ത്രീകളാണ് കൂടുതൽ വൈകി വിവാഹം കഴിക്കുന്നത്. അവരുടെ ശരാശരി വിവാഹപ്രായം 22 ആണ്.