
കൃഷിമന്ത്രിയുടെ വാർത്താസമ്മേളന ലിങ്ക് ട്വിറ്ററിൽ പങ്കുവച്ച് മോദി
ന്യൂഡൽഹി: ദേശീയപാതകളും ട്രെയിനുകളും ഉപരോധിച്ച് 'ദില്ലി ചലോ" കർഷക സമരം ദേശവ്യാപകമായി ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങവെ പുതിയ കാർഷിക നിയമങ്ങളിൽ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നൽകി ബി.ജെ.പി. പുതിയ നിയമങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ രാജ്യവ്യാപകമായി എഴുനൂറോളം ജില്ലകളിൽ പ്രചാരണ പരിപാടികൾ നടത്തും. 100 വാർത്താസമ്മേളനങ്ങൾ, 700 കർഷക യോഗങ്ങൾ തുടങ്ങിയവയാണ് പരിപാടികൾ. കേന്ദ്രമന്ത്രിമാരടക്കമുള്ളവർ പ്രചാരണത്തിനിറങ്ങും.
അതിനിടെ കാർഷിക നിയമവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും റെയിൽവെ മന്ത്രി പീയുഷ് ഗോയലും നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ ലിങ്ക് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ പങ്കുവച്ചു. നിയമത്തെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചും മന്ത്രിമാർ വിശദമായി പറഞ്ഞിട്ടുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. കർഷക സമരം തുടങ്ങി രണ്ടാഴ്ച പിന്നിടവെ ഇതാദ്യമായാണ് മോദി പ്രതികരിക്കുന്നത്.
രാജ്യവ്യാപക പ്രചാരണപരിപാടികളിലൂടെ കർഷക നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ചോദ്യങ്ങൾക്കുമെല്ലാം നേതാക്കൾ മറുപടി നൽകും. പുതിയ കാർഷിക നിയമങ്ങൾ കാർഷിക മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപത്തിനിടയാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്നുമാണ് ബി.ജെ.പി വാദം. കർഷകർക്ക് തങ്ങളുടെ വിളകൾ എവിടെയും വിൽക്കാം. കൃഷി കൂടുതൽ ലാഭകരമാകും.
പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കർഷക സമരത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. കാർഷിക പരിഷ്കാരത്തിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണ്. കോൺഗ്രസും എൻ.സി.പിയും മുൻകാലങ്ങളിൽ സമാന പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി ശരദ് പവാർ കേന്ദ്രകൃഷിമന്ത്രിയായിരിക്കെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയതും സജീവമായി ഉന്നയിക്കും. കർഷകർ ഡിസംബർ എട്ടിന് നടത്തിയ ഭാരത് ബന്തിന് മുന്നോടിയായി ബി.ജെ.പി കർഷക നിയമത്തെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക ക്യാമ്പെയ്ൻ നടത്തിയിരുന്നു.