farmers-protest

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭാരതീയ കിസാൻ യൂണിയൻ (ഭാനു) സുപ്രീംകോടതിയിൽ ഹർജി നൽകി.
പുതിയ നിയമങ്ങൾ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ആരോപിച്ചു.

കാർഷിക മേഖലയിൽ ഏകാധിപത്യത്തിനും വാണിജ്യവത്കരണത്തിനും പുതിയ നിയമങ്ങൾ വഴിയൊരുക്കും. ന്യായവില ഉറപ്പാക്കാനുള്ള എ.പി.എം.സി മാർക്കറ്റ് സംവിധാനത്തെ തകർക്കുന്നതാണ് പുതിയ നിയമം. എം.പി.എം.സി സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡി.എം.കെ എം.പി തിരുച്ചി ശിവ നൽകിയ ഹർജിയിലാണ് കക്ഷി ചേരാൻ അപേക്ഷ നൽകിയത്.
നേരത്തെ ആർ.ജെ.ഡി എം.പി മനോജ്ഝാ, ചത്തീസ് ഗഡ് കിസാൻ കോൺഗ്രസ് നേതാവ് രാകേഷ് വൈഷ്ണവ് തുടങ്ങിയവരും ഈ കേസിൽ കക്ഷി ചേരാൻ നേരത്തെ ഹർജി നൽകിയിരുന്നു. പുതിയ നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചിരുന്നു.