modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെയും വിദേശയാത്രകളിൽ അനുഗമിച്ച എസ്.പി.ജി സേനാംഗങ്ങളുടെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം കൈമാറാൻ വ്യോമസേനയ്‌ക്ക് നിർദ്ദേശം നൽകിയ കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു. സംഘത്തിൽ എത്രയാളുകളുണ്ടെന്ന വിവരം നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിമാരുടെ വിദേശ യാത്രകളുടെ വിശദാംശങ്ങളും അനുഗമിച്ച ആളുകളുടെ വിവരങ്ങളും പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് രാജ്യത്തിന്റെ പരമാധികാരം, ഐക്യം, സുരക്ഷ, തന്ത്രപരവും ശാസ്‌ത്രീയവും സാമ്പത്തികവുമായ താത്പര്യങ്ങൾ എന്നിവയെ ബാധിക്കുമെന്ന വ്യോമസേനയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.

റിട്ട. കൊമഡോർ ലോകേഷ് ബത്രയുടെ അപേക്ഷ പ്രകാരം വിദേശ യാത്രയുടെ വിവരങ്ങൾ നൽകാൻ കഴിഞ്ഞ ജൂലായ് എട്ടിനാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ വ്യോമസേനയ്‌ക്ക് നിർദ്ദേശം നൽകിയത്. 2013 മുതൽ പ്രധാനമന്ത്രിമാർ നടത്തിയ വിദേശ യാത്രയിൽ അനുഗമിച്ച സുരക്ഷാ സേനാംഗങ്ങൾ, സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് സേനാംഗങ്ങൾ എന്നിവരുടെ വിവരങ്ങളാണ് ബത്ര തേടിയത്. പ്രധാനമന്ത്രിക്കൊപ്പം സ്വകാര്യ വ്യക്തികളും യാത്ര ചെയ്യാറുണ്ടെന്നും അതിനാൽ വിവരാവകാശ നിയമം ബാധകമാണെന്നും ബത്ര ചൂണ്ടിക്കാട്ടിയിരുന്നു.