
ടോൾ പ്ലാസകൾ തുറന്നുകൊടുക്കും
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഡൽഹിയിലേയ്ക്കുള്ള രണ്ടു ദേശീയപാതകൾ കൂടി സംയുക്ത കിസാൻ മോർച്ച ഉപരോധിക്കും. രാജ്യവ്യാപകമായി നികുതി പിരിക്കാൻ അനുവദിക്കാതെ ടോൾ പ്ലാസകൾ തുറന്നു കൊടുക്കും. ആഗ്ര - ഡൽഹി എക്സ്‌പ്രസ് പാതയും ജയ്‌പൂർ-ഡൽഹി ദേശീയപാതയുമാണ് ഇന്ന് സ്തംഭിപ്പിക്കുക. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും ബി.ജെ.പി ഓഫീസുകൾക്കു മുന്നിലടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചു.
അതിനിടെ കർഷക സമരത്തിന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങി പത്ത് കേന്ദ്ര തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്കെത്തി. എഴുനൂറോളം ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി പഞ്ചാബിൽ നിന്നുള്ള അരലക്ഷത്തോളം കർഷകർ ഡൽഹി കുണ്ട്ലി അതിർത്തിയിലേക്ക് തിരിച്ചതായി കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി എസ്.എസ്.പാന്ദർ അറിയിച്ചു. കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഉത്തർപ്രദേശിൽ ഡിസംബർ 14ന് ധർണ സംഘടിപ്പിക്കുമെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു.
ദേശീയ തലസ്ഥാനത്തെ സിംഘു, തിക്രി, ഗാസിപുർ തുടങ്ങിയ അതിർത്തികൾ സ്തംഭിപ്പിച്ചുള്ള
'ദില്ലി ചലോ" സമരം 16 ദിവസം പിന്നിട്ടു. മൂന്നു ലക്ഷത്തിലേറെ കർഷകരാണ് സിംഘു അതിർത്തിയിലുള്ളതെന്നാണ് റിപ്പോർട്ട്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് ഹരിയാനയിൽ നിന്നുള്ള കൂടുതൽ കർഷകരെത്തി. അതിർത്തിയിൽ കനത്ത സുരക്ഷാ വിന്യാസവും നടത്തിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി റിലയൻസിന്റെയും അദാനിയുടേയും ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം കർഷക സംഘടനകൾ തുടങ്ങി. ചിലയിടങ്ങളിൽ റിലയൻസിന്റെ മാളുകൾക്ക് മുന്നിൽ പ്രതിഷേധം നടന്നു. അതിനിടെ സിംഘുവിൽ ഡ്യൂട്ടി ചെയ്യുന്ന രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡി.സി.പിക്ക് റാങ്കുള്ള ഈ ഉദ്യോഗസ്ഥരെ ഐസൊലേഷനിലേക്ക് മാറ്റി.
തോമറിനെതിരെ കർഷക സംഘടനകൾ
ചർച്ചയിൽ നിന്നു പിന്മാറിയത് സമരക്കാരാണെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്താവന തെറ്റാണെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു. കേന്ദ്രസർക്കാർ ക്ഷണിച്ചപ്പോഴൊക്കെ കർഷകർ ചർച്ചയിൽ പങ്കെടുത്തു. കാർഷികനിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ചർച്ച ചെയ്ത ശേഷം അറിയിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇപ്പോൾ മന്ത്രി തെറ്റായ വാദങ്ങളുന്നയിക്കുകയാണെന്നും കമ്മിറ്റി പറഞ്ഞു. ആഭ്യന്തരമന്ത്രിയും നീതി ആയോഗ് അദ്ധ്യക്ഷനും കോർപറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള കുറ്റപ്പെടുത്തി. കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം 26 വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് സമരരംഗത്തുള്ള ഭാരതീയ കിസാൻ യൂണിയൻ (ചാരുണി) ആവശ്യപ്പെട്ടു.