
ന്യൂഡൽഹി: സ്വാശ്രയ കോളേജുകളിൽ എൻ.ആർ.ഐ മെഡിക്കൽ സീറ്റുകളിലേക്ക് ഈടാക്കുന്ന തുകയിൽ നിന്ന് ഒരു വിഹിതം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് ഉപയോഗിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
അതേസമയം ,എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപ നേരിട്ട് വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.ടി മെഡിക്കൽ മെഡിക്കൽ കോളേജും ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധികൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച രണ്ടു ഹർജികളിലും സ്റ്റേ അനുവദിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. ഫെബ്രുവരിയിൽ വിശദമായി വാദം കേൾക്കും.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിൽ ഈടാക്കുന്ന 20 ലക്ഷം രൂപയിൽ അഞ്ചു ലക്ഷം രൂപ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് നൽകണമെന്ന ഫീസ് നിർണയ സമിതിയുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിയെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. സമിതിക്ക് അത്തരമൊരു തീരുമാനമെടുക്കാൻ അധികാരമില്ലെന്നും സംസ്ഥാന സർക്കാർ തുക സ്വീകരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമ നിർമ്മാണം നടത്തുന്നതു വരെ വിഹിതം ശേഖരിക്കാൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം