supream-court

ന്യൂഡൽഹി: മിനിമം വേതനം വിതരണം ബാങ്ക് അക്കൗണ്ട് വഴി മാത്രമാക്കണമെന്ന് സംസ്ഥാന സർക്കാരും ശമ്പള വിതരണ രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണമെന്ന നിർദ്ദേശത്തിനെതിരെ ടാറ്റാ കൺസൾട്ടൻസി സർവീസസും നൽകിയ ഹർജികളിൽ നോട്ടീസ് അയ്‌ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഹർജികൾ എട്ടാഴ്‌ചയ്ക്കകം പരിഗണിക്കും.

മിനിമം വേതനം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നൽകാവൂ എന്ന് നിഷ്കർഷിക്കുന്ന 2015 ജൂലായിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള മിനിമം വേതന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് ചോദ്യം ചെയ്‌താണ് സുപ്രീകോടതിയിലെ ഹർജി. അതേസമയം ഇതേ ചട്ടത്തിലെ ശമ്പള വിവരങ്ങൾ ലേബർ കമ്മിണറേറ്റിന്റെ ഓൺലൈൻ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യണമെന്ന ഭേദഗതി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ടാറ്റാ കൺസൾട്ടൻസി എത്തിയത്.

മിനിമം വേതന നിയമ പ്രകാരം ശമ്പളം പണമായി നൽകാമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ബാങ്ക് അക്കൗണ്ട് വഴി മാത്രമെ നൽകാവൂ എന്ന് നിഷ്‌കർഷിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നെങ്കിലും മിനിമം ശമ്പള നിയമം ഭേദഗതി ചെയ്‌തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.