supreme-court

ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങളുടെ കുറവ് നികത്തി ദാരിദ്ര്യം തുടച്ചു നീക്കാനും രാജ്യത്തെ നന്നാക്കാനും കോടതിക്ക് കഴിയില്ലെന്നും അത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരുടെ ലക്ഷ്യം പ്രശസ്‌തിയാണെന്നും സുപ്രീംകോടതി.

രാജ്യത്തെ 100 ശതമാനം കള്ളപ്പണവും ബിനാമി സ്വത്തുക്കളും അനധികൃത സമ്പാദ്യങ്ങളും പിടിച്ചെടുക്കാനും കുറ്റവാളികൾക്ക് ജീവപര്യന്തം ശിക്ഷ നൽകാനും കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീകോടതിയുടെ പരാമർശം. ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഹർജി പിൻവലിച്ചു.

രാജ്യത്ത് നിയമങ്ങളും ചട്ടങ്ങളുമുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ലെന്നും ആ വിടവ് കോടതി നികത്തണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. സംവിധാനങ്ങളുടെ വിടവ് നികത്തി കോടതി എല്ലാ റോളും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനേ തങ്ങൾക്ക് കഴിയൂ. അതുണ്ടാക്കുന്നത് പാർലമെന്റാണ്. പട്ടിണി ഇല്ലാതാക്കാനും രാജ്യം നന്നാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത് അർത്ഥശൂന്യമാണ്. എല്ലാ റോളും ഏറ്റെടുക്കാനുള്ള അധികാരം കോടതികൾക്കില്ല. അത്തരമൊരു സാഹചര്യം ഭരണഘടനയിലും ഇല്ലെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.