pranab-mukherjee

ന്യൂഡൽഹി:2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി അടക്കമുള്ള അപചയത്തിന് കാരണം അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗുമാണെന്ന് അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ പുറത്തിറങ്ങാനിരിക്കുന്ന 'പ്രസിഡൻഷ്യൽ ഇയേഴ്സ്' എന്ന ആത്മകഥയിൽ കുറ്റപ്പെടുത്തുന്നു. ഒന്നാം എൻ. ഡി. എ സർക്കാരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയെ പോലെയാണെന്നും അദ്ദേഹം പറയുന്നു.

2004ൽ താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാർട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് ചിലർ പറഞ്ഞിരുന്നു. അതു താൻ കാര്യമാക്കിയില്ല. 2012ൽ താൻ രാഷ്‌ട്രപതി ആയ ശേഷം കോൺഗ്രസ് നേതൃത്വത്തിന് രാഷ്‌ട്രീയ ദിശാബോധം നഷ്‌ടമായതാണ് 2014ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ഇടയാക്കിയത്. പാർട്ടി കാര്യങ്ങൾ നോക്കിനടത്താൻ സോണിയാ ഗാന്ധിക്ക് കഴിഞ്ഞില്ല. ഏറെനാൾ സഭയിൽ നിന്ന് വിട്ടു നിന്ന മൻമോഹൻസിംഗിന് എംപിമാരുമായുള്ള വ്യക്തി ബന്ധം കുറഞ്ഞു. മുന്നണി സംവിധാനം നിലനിറുത്താനുള്ള ശ്രമങ്ങൾക്കിടെ അദ്ദേഹത്തിന് ഭരിക്കാൻ കഴിഞ്ഞില്ല.

ഒന്നാം സർക്കാരിൽ നരേന്ദ്രമോദിയുടേത് ഏകാധിപത്യ സമീപനമായിരുന്നുവെന്നും പ്രണബ് പറയുന്നു. സർക്കാരിലും അത് അതൃപ്‌തിയുണ്ടാക്കി. രണ്ടാം അവസരത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്ന് പ്രത്യാശയുണ്ട്. 2016ൽ ചില സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് സുപ്രീംകോടതി റദ്ദാക്കിയതും നോട്ട് നിരോധന ഉത്തരവിനെക്കുറിച്ചും പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. മുൻപ് പ്രസിദ്ധീകരിച്ച ആത്മകഥാംശമുള്ള പുസ്‌തകങ്ങളിലും കോൺഗ്രസിലെ രാഷ്‌ട്രീയവും പ്രധാനമന്ത്രി പദം തനിക്ക് നഷ്‌ടമായതും അദ്ദേഹം വിവരിച്ചിരുന്നു.