
ന്യൂഡൽഹി: കർഷക സമരം രൂക്ഷമാകുന്നതിനിടെ, സമരത്തെ തീവ്ര ഇടത് സംഘടനകൾ ഹൈജാക്ക് ചെയ്തതായും ഡൽഹി- ജയ്‌പൂർ ഹൈവേ ഉപരോധിക്കാൻ ഇത്തരം പ്രതിലോമശക്തികളാണ് ഉപദേശിച്ചതെന്നും പ്രചാരണം.
കേന്ദ്രസർക്കാർ വൃത്തങ്ങളെ അനൗദ്യോഗികമായി ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
കർഷക സമരത്തിനിടെ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾ സമരത്തിലുണ്ടെന്ന് നേരത്തേ ബി.ജെ.പി ആരോപിച്ചിരുന്നു.
സമരത്തിൽ ആരുടെയും സ്വാധീനമില്ലെന്നും ആരോപണം തള്ളുന്നതായും കീർത്തി കിസാൻ സംഗതൻ പ്രസിഡന്റ് രമീന്ദർ സിംഗ് വ്യക്തമാക്കി. തങ്ങളെ മോശക്കാരാക്കാനുള്ള സർക്കാർ പ്രചാരണമാണിത്. എല്ലാതീരുമാനങ്ങളും സംയുക്ത കിസാൻ മോർച്ചയാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ഏറ്റെടുത്തെന്ന് സംശയിക്കുന്നതായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടത് അവരുടെ സാന്നിദ്ധ്യം കൊണ്ടാവാമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കർഷക സമരത്തിനിടെ ഉമർ ഖാലിദ്, ഗൗതം നവ്‌ലാഖ തുടങ്ങിയവരെ വിട്ടയക്കണമെന്ന പോസ്റ്ററുകൾ ഉയർത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രവിശങ്കർ പ്രസാദ്.
ഇത്തരം പോസ്റ്ററുകൾ എന്തിനാണ് കർഷക സമരത്തിനിടെ ഉയർത്തുന്നത് എന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും ചോദിച്ചു. ഇത് അപകടരമാണ്. കർഷക സംഘടനകൾ ഇത്തരം സംഭവങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്നും ഇത് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും തോമർ പറഞ്ഞു.
കർഷക സംഘടനകളിൽ നിന്ന് സമരം രാജ്യത്തെ തകർക്കാൻ പ്രവർത്തിക്കുന്ന സംഘടനകൾ ഏറ്റെടുത്തതായി സംശയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.