covid

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ലഭ്യമായാൽ, തിരഞ്ഞെടുപ്പ് മാതൃകയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് വാക്‌സിനേഷൻ നടത്താൻ കേന്ദ്ര പദ്ധതി. നിശ്ചിത കേന്ദ്രങ്ങളിൽ വിവിധ സെക്‌ഷനുകളായാണ് വാക്‌സിൻ നൽകുക.

ഒരു സെക്‌ഷനിൽ 100 പേർ. സാഹചര്യത്തിനനുസരിച്ച് 200 വരെ ഉയർത്തും. ആരോഗ്യപ്രവർത്തകർക്കും മുന്നണി പ്രവർത്തകർക്കുമായിരിക്കും ഇതിൽ മുൻഗണന. കരട് മാർഗ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറി.

വാക്‌സിൻ കുത്തിവച്ച ശേഷം 30 മിനിട്ട് നിരീക്ഷിക്കും. ഗുരുതര പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രിയിലേക്ക് മാറ്റും.
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, പ്രായമായവർ തുടങ്ങി മുൻഗണനാവിഭാഗത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക. ഇതിനായി 60 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്യേണ്ടത്.

ഇന്ത്യയിൽ ഫൈസർ വാക്സിൻ, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് എന്നിവ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി സുരക്ഷ, ഫലപ്രാപ്തി എന്നിവയിൽ വിശദ വിശകലനത്തിന് ശേഷം മാത്രമായിരിക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചു. മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധനും വ്യക്തമാക്കി.

കുത്തിവയ്പ് നടപടിക്ക് 5 പേർ വീതം

ഓരോ കേന്ദ്രത്തിലും വാക്സിനേഷൻ നടപടികൾക്കായി അഞ്ചു പേരാണുണ്ടാവുക. വാക്സിൻ നൽകാൻ നിയോഗിക്കപ്പെട്ട ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് ഇവരിലൊരാളായിരിക്കും ആദ്യ ഓഫീസർ. രണ്ടാമത്തെ ഉദ്യോഗസ്ഥൻ സുരക്ഷയ്ക്കായാണ്. രജിസ്‌ട്രേഷൻ പരിശോധനയും പ്രവേശന കവാടത്തിലെ സുരക്ഷയുമാണ് ചുമതല. മൂന്നാമത്തെയാൾ രേഖകൾ പരിശോധിക്കും. നാലും അഞ്ചും ഉദ്യോഗസ്ഥർക്ക് ആളുകളെ നിയന്ത്രിക്കലും ആശയവിനിമയവുമാണ് ചുമതല.

ഓരോ കേന്ദ്രത്തിലും കാത്തിരിപ്പ്, വാക്‌സിനേഷൻ, നിരീക്ഷണം എന്നിങ്ങനെ മൂന്ന് മുറികളുണ്ടാകും. കമ്മ്യൂണിറ്റി ഹാളുകളും താത്കാലിക ടെന്റുകളുമടക്കം വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കും.