
ന്യൂഡൽഹി: കർഷകസമരത്തിന് പിന്തുണയുമായി രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്നെത്തിയ ആയിരക്കണക്കിന് കർഷകർ ഡൽഹി- ജയ്പൂർ അതിർത്തി സ്തംഭിപ്പിച്ചു. കർഷകരെ തടയാൻ പൊലീസും അർദ്ധസൈനിക വിഭാഗവും അടക്കമുള്ളവരെ വിന്യസിച്ചിട്ടുണ്ട്.
രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽ സംഘടിച്ച ശേഷമാണ് കർഷകർ ഒന്നിച്ച് ഇന്നലെ രാവിലെ ഡൽഹി-ജയ്പൂർ ദേശീയ പാതാ എട്ടിലൂടെ ഡൽഹിയിലേക്ക് ട്രാക്ടർ ട്രോളി മാർച്ച് നടത്തിയത്. ഹൈവേയിലെ ഗതാഗതം തടസപ്പെടരുതെന്ന് കർഷകർക്ക് നിർദ്ദേശം നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞു. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ജയ്സിംഗ്പൂർ-ഖേര ഭാഗത്ത് പൊലീസ് വച്ച ബാരിക്കേഡുകൾ അവർ മറികടന്നു.
രണ്ടുദിവസത്തിനുള്ളിൽ കൂടുതൽ 500ഒാളം ട്രോളികളുമായി കൂടുതൽ കർഷകർ എത്തുമെന്നാണ് സൂചന. കർഷകരെ തടയാൻ ഡൽഹി-ഗുഡ്ഗാവ്, ഫരീദാബാദ് അതിർത്തിയിൽ ആയിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോൺക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ചു. ഇപ്പോൾ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള പ്രധാന അതിർത്തി റോഡുകളെല്ലാം കർഷകർ കൈയടക്കി.
സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഡൽഹി സിംഘു അതിർത്തിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ഉപവാസ സമരം സംഘടിപ്പിക്കും.
 കേന്ദ്രം വീണ്ടും ചർച്ചയ്ക്ക്
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ സഹമന്ത്രി സോം പ്രകാശും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ചർച്ച നടത്തി. പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. തുടർന്നാണ് കർഷകരുമായി വീണ്ടും ചർച്ച നടത്താനുള്ള നിർദ്ദേശമുണ്ടായത്. ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ സർക്കാർ ആദ്യം മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും പഞ്ചാബിലെ കിസാൻ സംഘർഷ കമ്മിറ്റി കൻവാൽപ്രീത് സിംഗ് പന്നു പറഞ്ഞു.
സമരം തുടരാൻ ആഹ്വാനം ചെയ്യുന്ന കർഷക നേതാക്കൾക്ക് ക്രമേണ വിലയില്ലാതാകുമെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് പറഞ്ഞു. സമയത്ത് പ്രവർത്തിക്കാൻ കഴിയാത്തവർക്ക് നേതാക്കളായി തുടരാൻ കഴിയില്ല. സമരം മുന്നോട്ടു കൊണ്ടുപോകുന്നതിൽ കാര്യമില്ല. തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷക നേതാക്കൾ ഇന്നലെ മന്ത്രി തോമറിനെ കണ്ടു.
 കേന്ദ്രം കർഷകരുടെ പ്രശ്നങ്ങൾ അനുഭാവ പൂർവം പരിഗണിക്കണമെന്ന് ശശി തരൂർ എംപി പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ച് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലെ എം.പിമാർക്കൊപ്പം ജന്തർമന്ദിറിൽ ധർണ നടത്തിയ തരൂർ ചൂണ്ടിക്കാട്ടി.
 ഉപവാസവും ഉപരോധവും
ഇന്ന് സമര കേന്ദ്രമായ ഡൽഹിയിലെ സിംഘു അതിർത്തിയിലും രാജ്യവ്യാപകമായി സംസ്ഥാന - ജില്ലാകേന്ദ്രങ്ങളിലും ഉപവാസവും ഉപരോധവും സംഘടിപ്പിക്കും. 19നുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ എം.എൽ.എമാരും കൗൺസിലർമാരും ഇന്ന് ഒരു ദിവസത്തെ ഉപവാസം സംഘടിപ്പിക്കുമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഗോപാൽ റായ് പറഞ്ഞു.