
ന്യൂഡൽഹി:മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്‌ടപരിഹാരമായി വിതരണം ചെയ്‌ത 62.25 കോടി രൂപയും ഫ്ളാറ്റുകൾ പൊളിക്കാൻ ചെലവായ 3.24കോടി രൂപയും ബിൽഡർമാരിൽ നിന്ന് ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
സുപ്രീംകോടതി നിർദ്ദേശപ്രകാരം 248 ഫ്ളാറ്റ് ഉടമകൾക്ക് 25ലക്ഷം രൂപ വീതമാണ് നൽകിയത്. ഒരു ഉടമ മരിച്ചതിനാൽ തുക കൈമാറാനായില്ല. പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്‌ടങ്ങൾ നീക്കിയ വകയിൽ മരട് മുനിസിപ്പാലിറ്റിക്ക് ലഭിച്ച 35.13 ലക്ഷം കഴിച്ചുള്ള തുകയാണ് 3.24കോടി രൂപ. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതിക്കുള്ള ചെലവായി പ്രതിമാസം 10ലക്ഷം രൂപ വീതം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു.