farmers-strike

ന്യൂഡൽഹി: കർഷക സമരം ശക്തിപ്പെട്ട സാഹചര്യത്തിൽ പഞ്ചാബിലെ സിക്കുകാരെ കൈയിലെടുക്കാൻ കേന്ദ്രസർക്കാർ ഐ.ആർ.സി.ടി വഴി ഇമെയിൽ പ്രചാരണം തുടങ്ങി. ടിക്കറ്റ് ബുക്കിംഗിന് ഐ.ആർ.ടി.സി സൈറ്റിൽ രജിസ്റ്റർ ചെയ്‌ത പേരിനൊപ്പം 'സിംഗ്' എന്നുള്ളവർക്കാണ് മോദി സർക്കാർ സിക്ക് സമുദായത്തിന് നൽകിയ സഹായങ്ങളുടെ വിവരങ്ങൾ അടങ്ങിയ 47 പേജ് പി.ഡി.എഫ് ഫയൽ ഇ-മെയിൽ ചെയ്തത്. പാകിസ്ഥാനിലെ കർതാപൂർ ഇടനാഴി തുറന്നത്, സിക്ക് കലാപ നഷ്‌ടപരിഹാരം വിതരണം ചെയ്‌തത്, ജാലിയൻ വാലാബാഗ് മെമ്മോറിയൽ സ്ഥാപിച്ചത്, സിക്ക് സമുദായാംഗങ്ങളുടെ ലംഗാറുകൾ (സമൂഹസദ്യ) നികുതി രഹിതമാക്കിയത്, സുവർണക്ഷേത്രത്തിന് വിദേശനാണയ വിനിമയ ചട്ടത്തിൽ ഇളവ് നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് വിശദീകരിക്കുന്നത്.

 ജോലി രാജിവച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി ലഖ്‌വീന്ദർ സിംഗ് ജാഖർ രാജിവച്ചു. രാജിവച്ച് ഡൽഹിയിൽ പോയി കർഷകർക്കൊപ്പം സമരം ചെയ്യാൻ മാതാവ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തന്റെ രാജി പെട്ടെന്ന് സ്വീകരിക്കാൻ നോട്ടീസ് സമയമായ മൂന്നുമാസത്തെ ശമ്പള തുക മുൻകൂറായി നൽകാമെന്നും രാജിക്കത്തിലുണ്ട്. 56കാരനായ ലഖ്‌വീന്ദർ സിംഗ് അഴിമതിക്കേസിൽ സസ്‌പെൻഷന് ശേഷം രണ്ടു മാസം മുമ്പാണ് സർവീസിൽ തിരികെ കയറിയത്.