jp-nadha

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്‌ക്ക് കൊവിഡ്. ലക്ഷണങ്ങളെ തുടർന്ന് പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഡോക്‌ടർമാരുടെ ഉപദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ പോകുകയാണെന്നും നദ്ദ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അദ്ദേഹം നിർദ്ദേശിച്ചു.

രണ്ടു ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിന് ശേഷം നദ്ദ ഡൽഹിയിൽ തിരിച്ചെത്തിയതേയുള്ളൂ. ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയോടൊപ്പം ഡയമണ്ട് ഹാർബറിലേക്കുള്ള വഴിയിൽ അദ്ദേഹത്തിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നു.

 98 ലക്ഷം കേസുകൾ

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 98.57 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പറയുന്നു. 30,254 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണിത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 93.57ലക്ഷമായി ഉയർന്നു. രാജ്യത്ത് ചികിത്സയിലുള്ളവർ 3.56 ലക്ഷമാണ്. ഒരാഴ്ചയായി ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷത്തിന് താഴെയാണ്.

ഇന്നലെ വരെ മരിച്ച 391 പേരടക്കം രാജ്യത്ത് ആകെ കൊവിഡ് മരണം 1,43,019 ആണ്.

അതിനി‌ടെ കേരളത്തിൽ 32 എണ്ണം അടക്കം രാജ്യത്ത് 391 പുതിയ പരിശോധനാകേന്ദ്രങ്ങൾ കൂടി ആരംഭിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.