indian-army

ന്യൂഡൽഹി: പാകിസ്ഥാന്റെ ഭീഷണിക്ക് പുറമെ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സായുധ സേനകൾക്ക് 15 ദിവസം യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കാൻ അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളിൽ ആയുധങ്ങളും മറ്റും വാങ്ങാൻ സൈന്യാധിപൻമാർക്ക് സാമ്പത്തിക അധികാരങ്ങളും നൽകിയിട്ടുണ്ട്.

പത്തു ദിവസത്തെ യുദ്ധത്തിനുള്ള ആയുധങ്ങൾ സംഭരിക്കാനുള്ള അനുമതിയാണ് 15ദിവസമായി വർദ്ധിപ്പിച്ചത്. ഉറി ആക്രമണത്തിന് ശേഷം മുൻ പ്രതിരോധ മന്ത്രി അന്തരിച്ച മനോഹർ പാരിക്കർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരം അടിയന്തര ഘട്ടങ്ങളിൽ സൈന്യാധിപൻമാർക്ക് ചെലവാക്കാവുന്ന തുക നൂറു കോടിയിൽ നിന്ന് 500 കോടിരൂപയായി വർദ്ധിപ്പിച്ചിരുന്നു. കൂടാതെ അത്യാവശ്യമെന്നു തോന്നുന്ന 300 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാനും മൂന്ന് സായുധ സേനകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ 15 ദിവസത്തെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി വിദേശത്തു നിന്നും പ്രാദേശികമായും 50,000 കോടി രൂപയുടെ ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കാൻ കഴിയും. മിസൈലുകൾ, ആയുധങ്ങൾ, സ്‌പെയർപാർട്സുകൾ തുടങ്ങിയവയാണ് കൂടുതലും വാങ്ങുക.

നേരത്തെ 40 ദിവസത്തെ യുദ്ധത്തിനുള്ള സാമഗ്രികൾ സംഭരിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ ആയുധങ്ങളും മറ്റും ക്യാമ്പുകളിൽ കെട്ടിക്കിടന്നതും പുതിയ സാങ്കേതിക വിദ്യകൾ വരുന്നതോടെ ഉപേക്ഷിക്കുന്നതും പതിവായതോടെയാണ് സംഭരണ കാലാവധി പത്തു ദിവസമായി കുറച്ചത്.