
ന്യൂഡൽഹി: ഹാഥ്‌രസിലേക്ക് പോകവെ അറസ്റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എ.എ ബോബ്ഡെ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അടുത്തമാസത്തേക്ക് മാറ്റി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ യു.പി സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സമയം ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ഭാര്യയെ കക്ഷി ചേർക്കാനുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.
അതേസമയം, കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് വീണ്ടും യു.പി സർക്കാർ ആരോപിച്ചു. മാദ്ധ്യമപ്രവർത്തകനെന്ന വ്യാജേന ഹാഥ്‌രസിൽ കുഴപ്പങ്ങളുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പം കാപ്പൻ പോയത്. നിരോധിത സംഘടനയായ സിമിയുടെ മുൻ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇപ്പോഴത്തെ പോപ്പുലർഫ്രണ്ട് നേതാക്കളുമായി കാപ്പന് നേരിട്ട് ബന്ധമുണ്ട്. കാപ്പന്റെ അക്കൗണ്ടിൽ സംശയകരമായ ഇടപാട് നടന്നതായും ഡൽഹി കലാപകേസിലെ പ്രതിയുമായും ബന്ധമുണ്ടെന്നും യു.പി സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിച്ചു. കാപ്പൻ അറസ്റ്റിലായി മൂന്നുമാസം കഴിഞ്ഞിട്ടും ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും യു.പി സർക്കാർ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കിയില്ല.അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്ന ആരോപണം യു.പി സർക്കാർ നിഷേധിച്ചു.
യൂണിയന് വിശ്വാസ്യതയില്ലെന്ന്
കേരള പത്രപ്രവർത്തക യൂണിയന്റെ വിശ്വാസ്യതയെയും യു.പി സർക്കാർ ചോദ്യം ചെയ്തു. സംഘടനയ്ക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചു. മലയാളി മാദ്ധ്യമപ്രവർത്തകന് വ്യക്തിപരമായി ലഭിച്ച വിവരാവകാശ രേഖയെ കൂട്ടിപിടിച്ചാണ് ആരോപണം.
പ്രസ്‌ക്ലബുകൾക്കായി സംസ്ഥാന സർക്കാർ നൽകിയ ഫണ്ട് തിരിമറി നടത്തിയതായി ആരോപിച്ച് മാദ്ധ്യമപ്രവർത്തകൻ വി.വി ബിനു വിജിലൻസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ തീരുമാനമായതിനെ തുടർന്ന് പി.ആർ.ഡി വകുപ്പിന്റെ അഭിപ്രായത്തിനായി അയച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി വി.വി ബിനുവിന് വിജിലൻസ് വകുപ്പ് നൽകിയ വിവരാവകാശ മറുപടിയുടെ പകർപ്പ് യു.പി സർക്കാർ സത്യവാങ്മൂലത്തോടൊപ്പം സുപ്രീംകോടതിയിൽ നൽകി. യൂണിയനെതിരെ ഭൂമി കൈയേറിയെന്ന പരാതിയുണ്ടെന്നും യു.പി സർക്കാർ ആരോപിച്ചു. അതേസമയം യൂണിയനെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ യാതൊന്നും നിലവിലില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി റെജി അറിയിച്ചു.