
ന്യൂഡൽഹി: അതിർത്തിയിലെ വെല്ലുവിളികൾ അതിജീവിക്കാനും നിലനിൽപ്പിനായി ആരുമായും പൊരുതാനും ഇന്ത്യയ്‌ക്ക് കഴിവുണ്ടെന്ന് ചൈനയുമായുള്ള സംഘർഷം തെളിയിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങളിലും മൃദുശക്തിയിലും ഇന്ത്യയ്ക്ക് ചൈനയെക്കാൾ മേധാവിത്വമുണ്ട്. അതിർത്തിയിലെ വെല്ലുവിളി നേരിടാൻ കഴിഞ്ഞത് ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളിലൊന്നാണ്. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേന പ്രദർശിപ്പിച്ച അസാമാന്യ ധൈര്യത്തിനും മനക്കരുത്തിനും മുന്നിൽ പതറി ചൈനീസ് സേനയ്‌ക്ക് പിന്മാറേണ്ടിവന്നു. അതിർത്തിയിൽ തർക്കമുണ്ടാകുമ്പോൾ ആയുധ ശേഷി താരതമ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്. എന്നാൽ കൂടുതൽ സൈനിക ശക്തി ആർക്കാണെന്ന കാര്യത്തിൽ വ്യക്തയുണ്ടാകാറില്ല. അതേസമയം ആശയങ്ങളിലും മൃദു ശക്തിയിലും ഇന്ത്യയ്‌ക്കുള്ള മേധാവിത്വം സംബന്ധിച്ച് വ്യക്തതക്കുറവില്ലെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.
ഹിമാലയൻ മേഖലയിലെ കടന്നുകയറ്റങ്ങൾ ലോകത്തിന്റെ പുതിയമാറ്റങ്ങളാണ് സൂചിപ്പിക്കുന്നത്. ഹിമാലയം മുതൽ ഇന്തോ-പസഫിക് മേഖലകൾ വരെ, നിലവിലുള്ള ധാരണകൾ ലംഘിച്ച് അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മേഖലയുടെ ഭാവി തന്നെ ആശങ്കയിലാക്കുന്നതാണ്.
ഇന്ത്യയിൽ ജനിച്ച ബുദ്ധമതം പിന്തുടരുന്നവരാണ് ചൈനയിലെ 80ശതമാനം ആളുകളും. 2000 വർഷത്തോളം ചൈനയെ ഇന്ത്യ നിയന്ത്രിച്ചിരുന്നതായി പറയപ്പെടുന്നു. അന്നൊന്നും ഒരു പട്ടാളക്കാരനെപ്പോലും അങ്ങോട്ട് അയയ്‌ക്കേണ്ടി വന്നിട്ടില്ല. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് സഹായം നൽകുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ഇന്ത്യയെ പിന്തുണയ്‌ക്കാൻ തുടക്കത്തിൽ ആരുമില്ലായിരുന്നു. നാം അത് ഒറ്റയ്‌ക്ക് നേരിട്ടു. പിന്നീട് പാകിസ്ഥാന്റെ തനിനിറം വെളിവായതോടെ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണയുമായി വന്നു.
ജവാൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിരോധ വ്യവസായത്തിൽ പങ്കാളികളാവാൻ രാജ്നാഥ് രാജ്യത്തെ വ്യവസായികളോട് അഭ്യർത്ഥിച്ചു. പ്രതിരോധ മേഖലയിൽ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ സ്വകാര്യ മേഖലയ്‌ക്ക് വാതിൽ തുറന്നിരിക്കുന്നു. അതുവഴി രാജ്യത്തിന്റെ സമ്പദ്ശക്തിയും സാങ്കേതിക വിദ്യയും മൂന്ന് സായുധ സേനകൾക്കും ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സായുധ സേനാ ഏകോപനം ദ്രുതഗതിയിൽ: ബിപിൻ റാവത്ത്
ന്യൂഡൽഹി: പ്രഹര ശേഷി വർദ്ധിപ്പിക്കാനും അതേസമയം ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ട് മൂന്ന് സായുധ സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് കൊൽക്കത്തയിൽ പറഞ്ഞു.
സായുധ സേനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരത്തിനാണ് ഈ വർഷം തുടക്കം കുറിച്ചിരിക്കുന്നത്. ഏകോപന നടപടികൾക്ക് തുടക്കത്തിൽ ചില തടസങ്ങൾ നേരിട്ടത് പരിഹരിച്ചു. സേനകളിൽ ചെലവു കുറയ്ക്കാനും ആൾബലം കൃത്യമായി ഉപയോഗിക്കാനും മൂന്ന് സേനകൾക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാനുമുള്ള സാഹചര്യമുണ്ടാകും.
കര, ആകാശം, കടൽ എന്നിങ്ങനെ എവിടെ പ്രശ്നങ്ങളുണ്ടായാലും ഒന്നിച്ചു നീങ്ങി പരമ്പരാഗത ശക്തി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഏതെങ്കിലും ഒരു വിഭാഗം മാത്രമായി ഓപ്പറേഷൻ നടത്തുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയെ ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ആധുനിക യുദ്ധമുറകൾ പരിചയപ്പെടുത്തേണ്ടതുണ്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ വെല്ലുവിളി നേരിടാൻ ഇന്ത്യ സന്നദ്ധമാണ്. ടിബറ്റിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളെ ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്നും റാവത്ത് പറഞ്ഞു.