
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ നിർബന്ധിത കുമ്പസാരത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കണമെന്ന ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും മലങ്കര സഭയ്ക്കും മറ്റും സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിൻറെതാണ് നടപടി.കേരള മലങ്കര പള്ളിയുടെ 1934ലെ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകളും, ഇന്ത്യൻ ഭരണഘടനയുടെ 21, 25 വകുപ്പുകളും പ്രകാരം വിശ്വാസിയുടെ മേൽ കുമ്പസാരം നിർബന്ധമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മാത്യു മത്തച്ചൻ, സി.വി ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും മറയാക്കുന്നുവെന്നുമാണ് ആരോപണം.ഇന്നലെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരുടെ അഭിഭാഷകനോട് നിർദേശിച്ചെങ്കിലും കെ.എസ് വർഗീസ് കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഈ വിഷയത്തിൽ സിവിൽകോടതികളെയോ കേരളാഹൈക്കോടതിയെ സമീപിക്കാൻ നിയമപരമായ തടസമുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.