
ന്യൂഡൽഹി: കൊവിഡ് കാലത്ത് ന്യൂസിലൻഡിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് 22 മലയാളികളടക്കം 120 ഓളം പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിച്ചതായി പരാതി. ഡൽഹി ദ്വാരക സെക്‌ടർ 17 കേന്ദ്രമാക്കി പ്രവർത്തിച്ച ട്രെക്കോൺ എന്റർപ്രൈസിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.
കൊവിഡ് മൂലം ജോലി നഷ്‌ടമായ പ്രവാസികളാണ് കൂടുതലും തട്ടിപ്പിനിരയായത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് ഇവർ അപേക്ഷിച്ചത്. ഡൽഹിയിൽ അഭിമുഖവും മെഡിക്കൽ ടെസ്റ്റും നടത്തി പാസ്‌പോർട്ടും വാങ്ങിച്ചു വച്ചു. മെഡിക്കൽ ടെസ്റ്റിന് 6000 രൂപ വീതവും ന്യൂസിലൻഡിൽ വൻ ശമ്പളത്തിൽ ജോലി ഉറപ്പായെന്ന് മെയിൽ അയച്ച് വിസയ്ക്കും ടിക്കറ്റിനും മറ്റുമായി 25,000 രൂപ മുതൽ 60,000 രൂപ വരെയും വാങ്ങി. ഏജൻസിയുടെ നീക്കങ്ങളിൽ സംശയം തോന്നിയ ചിലർ ന്യൂസിലൻഡിലെ സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോൾ വിവരങ്ങൾ വ്യാജമെന്ന് വ്യക്തമായി.
ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാൻ ന്യൂസിലൻഡിലെ പ്രമുഖ കമ്പനികളുടെ വെബ്സൈറ്റുകളുടെ വ്യാജപകർപ്പുണ്ടാക്കിയായിരുന്നു തട്ടിപ്പ്. വിവരം അറിഞ്ഞപ്പോഴേക്കും ഡൽഹി ഓഫീസ് പൂട്ടി. പാസ്‌പോർട്ട് നഷ്‌ടമായതിനാൽ മറ്റ് ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ.