
ന്യൂഡൽഹി: കർഷകസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപവാസമിരുന്നും രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങൾ ഉപരോധിച്ചും പ്രതിഷേധം വ്യാപിപ്പിച്ച് കർഷക സംഘടനകൾ. രാജ്യത്തെ 341 ജില്ലകളിൽ പ്രക്ഷോഭം നടന്നതായി ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ഡൽഹിയിലേക്കുള്ള ഡൽഹി-ജയ്‌പുർ ദേശീയപാതയും ആഗ്ര-ഡൽഹി എക്സ്‌പ്രസ് പാതയും ഉപരോധിച്ചു. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി കൂടുതൽ കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടതായും നേതാക്കൾ അറിയിച്ചു.
സമരകേന്ദ്രമായ ഡൽഹിയിലെ സംയുക്ത കിസാൻ യൂണിയന്റെ നാല്പത് നേതാക്കൾ ഇന്നലെ ഉപവാസം നടത്തി. സിംഘു അതിർത്തിയിൽ 25 നേതാക്കളും തിക്രി അതിർത്തിയിൽ 10 നേതാക്കളും യു.പി അതിർത്തിയിൽ അഞ്ചു നേതാക്കളുമാണ് ഉപവസിച്ചത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു നിരാഹാരം. ഡൽഹി അതിർത്തിയിൽ ഡൽഹി പൊലീസിന് പുറമെ കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചു.
രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ തൊഴിലാളി സംഘടനകളും വിദ്യാർത്ഥികളും വനിതകളുമൊക്കെ ഐക്യദാർഢ്യവുമായി രംഗത്തിറങ്ങി. ഡൽഹിയിലെ ഷഹീദ്പാർക്കിൽ വിദ്യാർത്ഥികളടക്കമുള്ളവർ കർഷകർക്ക് പിന്തുണയുമായി ഒത്തുകൂടി. ജയ്‌പുർ ദേശീയപാത തുടർച്ചയായി രണ്ടാം ദിവസമാണ് സ്തംഭിക്കുന്നത്. ഡൽഹി ചലോ മാർച്ച് നടത്തിയ കർഷകരെ ഞായറാഴ്ച ഷാജഹാൻപുരിൽ തടഞ്ഞതിനെ തുടർന്ന് അവിടെ ധർണയിരിക്കുകയാണ് സമരക്കാർ.
പഞ്ചാബിൽ ലുധിയാന, പട്യാല, സാംഗ്രൂർ, ബർണാല, ഭട്ടിൻഡ, മോഗ, ഫരീദ്കോട്ട്, ഫിറോസ്‌പുർ, തൺ തരാൻ തുടങ്ങിയ ജില്ലകളിലൊക്കെ പ്രതിഷേധം നടന്നു. പഞ്ചാബിനെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന ശംഭു അതിർത്തിയിൽ കർഷകർ തമ്പടിച്ചതോടെ അംബാല-പട്യാല ദേശീയപാത പൊലീസ് അടച്ചു. ഹരിയാനയിൽ ഫത്തേബാദ്, ജിന്ദ്, സിർസ, കുരുക്ഷേത്ര, ഗുഡ്ഗാവ്, ഫരീദാബാദ്, ഭിവാനി, കൈത്തൽ, അംബാല തുടങ്ങിയിടങ്ങളിൽ പ്രതിഷേധങ്ങളുണ്ടായി. ഫത്തേബാദിൽ ട്രാക്ടർ പ്രകടനവും നിരാഹാരവുമുണ്ടായി. ബീഹാറിലെ പാട്ന, സഹർസ, ബേഗുസരായ്, ബേട്ടിയ, ദർഭംഗ തുടങ്ങിയ സ്ഥലങ്ങളിലും ഹിമാചൽ പ്രദേശിലെ ഷിംല, സൊളാൻ, ഒഡിഷയിലെ ഭുവനേശ്വർ, തമിഴ്നാട്ടിലെ തേനിയടക്കമുള്ള ജില്ലകളിലും കർഷകപ്രക്ഷോഭങ്ങൾ നടന്നതായി നേതാക്കൾ അറിയിച്ചു.
പത്ത് സംഘടനകളെ ഒപ്പം കൂട്ടി കേന്ദ്രം
സമരം ശക്തമാകുന്നതിനിടെ, മറ്റ് കർഷക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. മുൻ എം.പി ഭൂപീന്ദർ മാന്റെ നേതൃത്വത്തിലുള്ള ആൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള പത്തു കർഷകസംഘടനകളുടെ നേതാക്കൾ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കേരള,തമിഴ്നാട്, തെലങ്കാന, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച ഉത്തരാഖണ്ഡിൽ നിന്നുള്ള നൂറു കർഷകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാനയിലെ 29 കർഷകപ്രതിനിധികളും മന്ത്രിയെ സന്ദർശിച്ചു. കർഷകരുടെ പിന്തുണയില്ലാത്ത കടലാസ് സംഘടനകളാണ് കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് സമരക്കാർ പ്രതികരിച്ചു.