sc-of-india

ന്യൂഡൽഹി: 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രായോഗികമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അടിയന്തരാവസ്ഥ കാലത്ത് അധികൃതരുടെ പീഡനങ്ങൾക്ക് ഇരയായെന്ന് ചൂണ്ടിക്കാട്ടി 94കാരിയായ വീരാ സരിനാണ് ഹർജി നൽകിയത്. ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു.

45 വർഷത്തിന് മുമ്പുള്ള നടപടിയുടെ നിയമസാധുത പരിശോധിക്കുന്നത് പ്രായോഗികമാണോ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. നടക്കാൻ പാടില്ലാത്തതാണെങ്കിലും വർഷങ്ങൾക്ക് മുമ്പു നടന്ന വിഷയത്തിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.അധികാര ദുർവിനിയോഗം തിരുത്തപ്പെടേണ്ടതുണ്ടെന്നും യുദ്ധ കുറ്റകൃത്യങ്ങൾ വർഷങ്ങൾക്കു ശേഷം കോടതികൾ കേൾക്കാറുണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. തുടർന്നാണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.

അടിയന്തരാവസ്ഥ സമയത്തെ പീഡനങ്ങളെ തുടർന്ന് തനിക്കും ഭർത്താവിനും രാജ്യം വിടേണ്ടി വന്നുവെന്നും സ്വത്തുക്കളും മറ്റും നഷ്‌ടമായെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഭർത്താവ് മരിച്ചെന്ന് പറയുന്ന ഹർജിക്കാരി 25കോടി രൂപ നഷ്‌ടപരിഹാരവും ആവശ്യപ്പെടുന്നുണ്ട്.