aiims

ന്യൂഡൽഹി: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി എയിംസിലെ നഴ്‌സുമാർ അനിശ്ചിതകാല സമരം തുടങ്ങി. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയടക്കം സാരമായി ബാധിച്ചു. കാഷ്വാലിറ്റിയിടെയും ഒ.പിയുടേയും പ്രവർത്തനം തടസപ്പെട്ടു. വാർഡുകളിൽ രോഗികൾ മാത്രമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.അനുകൂല തീരുമാനമില്ലെങ്കിൽ കൊവിഡ് പ്രതിരോധത്തിൽ പോലും സഹകരിക്കേണ്ടതില്ലെന്നാണ് സമരക്കാരുടെ നിലപാട്. ആറാം ശമ്പളകമ്മിഷൻ ശുപാർശയ്ക്ക് അനുസൃതമായ ശമ്പളപരിഷ്‌കാരം നടപ്പാക്കുക, കൊവിഡ് പ്രതിരോധത്തിൽ മുന്നണിയിലുള്ള നഴ്സുമാർക്കും റിസ്ക് അലവൻസ് ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മലയാളികൾ ഉൾപ്പടെ ആയിരത്തിലേറെ നഴ്സുമാർ സമരത്തിനിറങ്ങിയത്. നാളെ സമരം തുടങ്ങാനായിരുന്നു നഴ്സുമാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പണിമുടക്ക് മറികടക്കാൻ നൂറിലേറെ താത്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കാൻ എയിംസ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചതാണ് ഇന്നലെ തന്നെ സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്ന് എയിംസ് നഴ്സസ് യൂണിയൻ നേതാക്കൾ പറഞ്ഞു. അയ്യായിരത്തോളം നഴ്സുമാരാണ് യൂണിയനിലുള്ളത്.

അതേസമയം സമരം അവസാനിപ്പിക്കണമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അഭ്യർത്ഥിച്ചു.23 ഓളം ആവശ്യങ്ങളാണ് നഴ്‌സുമാരുടെ യൂണിയൻ മുന്നോട്ടുവച്ചത്. അതിൽ പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളും നടപ്പാക്കിയതായും രൺദീപ് ഗുലേറിയ പറഞ്ഞു.