bhumi-pooja

'പുതിയ പാർലമെന്റ് മന്ദിരത്തിൽ ഹിന്ദുക്കളല്ലാത്ത എംപിമാർക്ക് പ്രവേശനമുണ്ടാകുമോ.' ഡിസംബർ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജയും ശിലാസ്ഥാപനവും നിർവഹിച്ച ശേഷം സമൂഹമാദ്ധ്യമങ്ങളിൽ കണ്ട പോസ്റ്റുകളിലൊന്നാണിത്. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന,​ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയെ ഓർമ്മിപ്പിക്കും വിധം പുരോഹിതൻമാർക്കൊപ്പം പീഠത്തിലിരുന്ന് ഒരു സന്യാസി ശ്രേഷ്ഠനെപ്പോലെ പ്രധാനമന്ത്രി (താടിയും മുടിയും നീട്ടിയതിനാൽ അങ്ങനെയുമൊരു ലുക്കുണ്ടല്ലോ) പൂജചെയ്യുന്ന ദൃശ്യങ്ങൾ ലോകമെങ്ങും എത്തിയതിന് പിന്നാലെയാണ് വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത്.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിലേക്ക് വരാം. ബി.ജെ.പിയുടെ സ്വപ്നസാക്ഷാത്കാര ദിനമായ അന്നത്തെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കരുതെന്ന് പറഞ്ഞവരുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ കാവലാളായ പ്രധാനമന്ത്രി ഒരു മതത്തിന്റെ വക്താവാകരുതെന്നായിരുന്നു ആവശ്യം. അനുകൂല കോടതി വിധിക്കു ശേഷം ക്ഷേത്രനിർമ്മാണം തുടങ്ങി,​ തങ്ങളുടെ കാലത്ത് തന്നെ രാമന് ആദ്യപൂജ നടത്തണമെന്നാഗ്രഹിക്കുന്ന പാർട്ടിയുടെ പ്രധാനമന്ത്രി അതു കേട്ട് പിന്തിരിയുമെന്ന് അവരാരും കരുതിക്കാണില്ല. എന്തായാലും അന്നും 'മുഖ്യപുരോഹിതൻ' റോളിൽ അദ്ദേഹം പൂജാ കർമ്മങ്ങളുടെ ഭാഗമായി. കാഷായ വസ്‌ത്രം ധരിച്ചില്ലെന്നു മാത്രം. അദ്ദേഹത്തിന്റെ മറ്റ് മാനറിസങ്ങളെല്ലാം രംഗത്തിന് യോജിച്ചതു തന്നെയായിരുന്നു.

പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത് തന്നെ തർക്കവും കേസുമായി നിലനിൽക്കുന്നതിനാൽ ഭൂമിപൂജ ഒഴിവാക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. അതെന്തായാലും ഹിന്ദുത്വം ഒരു പൊടി കൂടിയാലും വേണ്ടില്ലെന്ന മട്ടിൽ ബി.ജെ.പി സർക്കാർ ശൃംഗേരി മഠത്തിൽ നിന്നുള്ള പുരോഹിതൻമാരെ കൊണ്ടുവന്ന് അയോദ്ധ്യയിലേതിന് സമാനമായ രീതിയിൽ വിപുലമായ പൂജാ ചടങ്ങാണ് നടത്തിയതും. പ്രധാനമന്ത്രി പീഠത്തിലിരുന്ന് ആത്മസമർപ്പണത്തോടെ പൂജകളുടെ ഭാഗമാകുകയും ചെയ്‌തു. വിവാദങ്ങളുണ്ടായാൽ തണുപ്പിക്കാനാകാം കുറേ മതപ്രതിനിധികളെ ഉൾപ്പെടുത്തി സർവമത പ്രാർത്ഥനാ മഹാമഹവും സംഘടിപ്പിച്ചിരുന്നു.

വിക്ടോറിയ രാജ്ഞിയുടെ മകൻ, ഡ്യൂക് ഓഫ് കൊണോട്ട് എന്നറിയപ്പെട്ടിരുന്ന ആർതർ രാജകുമാരനാണ് 1921 ഫെബ്രുവരി 12ന് പഴയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. അക്കാര്യം പഴയ മന്ദിരത്തിൽ കൊത്തിവച്ചിട്ടുണ്ട്. ഇനി പുതിയ പാർലമെന്റ് മന്ദിരത്തിലും അതുപോലൊന്ന് വരും: ശിലാസ്ഥാപനം 2020 ഡിസംബർ 10ന് ബഹു. നരേന്ദ്രമോദി, പ്രധാനമന്ത്രി, ഇന്ത്യ,​ നിർവഹിച്ചു എന്ന്. ഈ വിവരങ്ങൾ കൊത്തിയ ഭരണഘടനയുടെ മാതൃകയിൽ തയാറാക്കിയ ലോഹഫലകമാണ് ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി അനാവരണം ചെയ്തത്. 2022ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്കൊപ്പം പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ശിലാസ്ഥാപന, ഉദ്ഘാടന ഫലകങ്ങളിൽ അദ്ദേഹം പേരുറപ്പിക്കുന്നു.

ഇന്ത്യയുടെ ഭാവി ജനാധിപത്യ പ്രക്രിയകൾ അരങ്ങേറേണ്ട പുതിയ മന്ദിരം പ്രവർത്തന സജ്ജമാകുന്നതോടെ പഴയത് പൗരാണിക സ്മാരകമായി ഒതുങ്ങും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ, ശിലാസ്ഥാപന, ഉദ്ഘാടന ചടങ്ങുകൾ ഭാവിയിലെ വിലപിടിപ്പുള്ള ചരിത്ര രേഖയാകും. അയോദ്ധ്യ ക്ഷേത്രത്തിന്റെ കാര്യത്തിലായാലും ആഗസ്റ്റിലെ ചടങ്ങ് ചരിത്ര രേഖയാണ്. അവിടെയും പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളുണ്ടല്ലോ. അതിലൂടെ ഭാവി തലമുറ തന്നെ കാണണമെന്നും അറിയണമെന്നും ബഹുമാനിക്കണമെന്നും തീരുമാനിച്ചുറച്ച് ചരിത്രത്തിന്റെ ഭാഗമാകാനുള്ള പുറപ്പാടിലാണ് നരേന്ദ്രമോദി.

1921ൽ ഡ്യൂക് ഓഫ് കൊണോട്ട് പഴയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച സമയത്ത് ഭൂമിപൂജ നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. ക്രിസ്ത്യൻ വിശ്വാസ പ്രകാരം വെഞ്ചിരിപ്പോ മറ്റോ നടത്തിയിരിക്കാം. ഏതെങ്കിലും വിശ്വാസത്തെ ആശ്രയിച്ചാണെങ്കിലും അല്ലെങ്കിലും പഴയ കെട്ടിടം 93 വർഷത്തിനിപ്പുറം ഇന്നും വലിയ കുഴപ്പങ്ങളില്ലാതെ നിൽക്കുന്നു. മറ്റൊരു കാര്യം. ഇനി ബി.ജെ.പി അല്ലാതെ മറ്റേതെങ്കിലും പാർട്ടിയാണ് ഈ സമയത്ത് ഭരിക്കുന്നതെങ്കിൽ ഏത് ആചാര പ്രകാരമാകുമായിരിക്കും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ? ഏതു സർക്കാരായാലും പൊതുവിൽ സ്വീകാര്യമായ ചടങ്ങെന്ന നിലയിൽ ഭൂമി പൂജ അതിലുണ്ടാകാം. പ്രധാനമന്ത്രി ഒപ്പമിരുന്ന് പൂജ ചെയ്യാനിടയില്ലെന്നു മാത്രം.

ഭരണഘടനയിൽ മതേതരത്വം വിഭാവനം ചെയ്യുന്നുവെങ്കിലും ഇന്ത്യയിൽ വിശ്വാസത്തിൽ തൊട്ടാൽ എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയാണ്. ജീവിക്കാൻ ഈശ്വര വിശ്വാസം കൊണ്ടു നടക്കുന്നവരുണ്ട്. പക്ഷേ വിശ്വാസത്തിനായി മരിക്കാൻ പോലും മടിയില്ലാത്ത ചില ഇന്ത്യൻ വികാരങ്ങളാണ് അവിടെ പ്രേരകശക്തിയാകുന്നത്. ഡൽഹിയിലൊക്കെ സർക്കാർ ബസുകളിൽ ഗിയർബോക്‌സിന് മുകളിലും മറ്റും 'രാധേ രാധേ' എന്നെഴുതിയത് കാണാം. മറ്റ് മതങ്ങളുടെയോ, സമുദായങ്ങളുടെയോ സൂചനകളോ, വാക്യങ്ങളോ കണ്ടിട്ടുമില്ല. അതൊന്നും ആർക്കുമിവിടെ പ്രശ്നമില്ല.

കേരളത്തിൽ ശബരിമല സീസണിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വാമി ശരണം എന്നെഴുതുക പതിവാണ്. ആ ബസുകൾ ഓഫ് സീസണിൽ മറ്റു റൂട്ടുകളിൽ ഓടുമ്പോഴും അതു മായ്ച്ചു കളയാറില്ലെങ്കിലും മനപൂർവ്വമാണെന്ന് കരുതാനാകില്ല. നമ്മുടെ സംസ്ഥാനത്ത് സ്വകാര്യ ബസുകളിലാണ് ഈശ്വരൻമാരുടെ അയ്യരുകളി. അതു പിന്നെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കരുതാം. അതേസമയം സർക്കാർ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യാനാകില്ലെന്ന ചിലരുടെ നിലപാടുകൾ വിവാദമായതും മറക്കുന്നില്ല. ഐ.എസ്.ആർ.ഒ റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുൻപ് തടസമൊഴിവാക്കാൻ തേങ്ങയുടയ്‌ക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളും പതിവാണല്ലോ.

പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജ നടത്തി നാരങ്ങാ കയറ്റി ഓടിക്കുന്നത് പോലെ ഫ്രാൻസിൽ റാഫേൽ യുദ്ധവിമാനത്തിന്റെ കൈമാറ്റ ചടങ്ങിലും ബി.ജെ.പി സർക്കാർ ഹിന്ദുത്വ ആചാരങ്ങൾ ഉപയോഗിക്കാൻ മടിച്ചില്ല. വിമാനത്തിന് മുന്നിൽ ശസ്‌ത്ര പൂജ നടത്താനുള്ള ദൗത്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനായിരുന്നു. വിമാനത്തിനു മുകളിൽ കുങ്കുമം കൊണ്ട് 'ഓം' എന്നെഴുതി പുഷ്‌പാഭിഷേകം നടത്തി ചിറകിൽ ചരടും കെട്ടി. ടയറിനടിയിൽ നാരങ്ങാ പ്രയോഗവും നടത്തി. വിമാനത്തിൽ സേനയിലെ മറ്റ് സമുദായക്കാരെ കയറ്റുമോ എന്ന് അന്നാരും ചോദിച്ചു കണ്ടില്ല.