ന്യൂഡൽഹി:ഇന്ത്യൻ നാവികസേനയിലെ ഉന്നത ഓഫീസറായ വൈസ് അഡ്മിറൽ ശ്രീകാന്ത് കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ മൂലം അന്തരിച്ചു.
ഡൽഹി ബേസ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഡിസംബർ ആദ്യമാണ് കൊവിഡ് ബാധിച്ചത്. ഞായറാഴ്ച കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അസ്വസ്ഥതകൾ ഗുരുതരമാവുകയായിരുന്നു.
ഡിസംബർ 31ന് വിരമിക്കാനിരിക്കെയാണ് അന്ത്യം.
നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പഠിച്ച ശ്രീകാന്ത് അന്തർവാഹിനികളിലെ ചുമതലകളിൽ വൈദഗ്ദ്ധ്യം നേടി. അന്തർവാഹിനിയിൽ സേവനമനുഷ്ഠിക്കുന്ന ഏറ്റവും സീനിയർ ഓഫീസർ ആയതിനാൽ ഗ്രേ ഡോൾഫിൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
കർണാടകത്തിലെ കർവാറിൽ 20,000 കോടി രൂപ ചെലവിൽ ഐ. എൻ. എസ് കദംബ എന്ന പേരിൽ ഇന്ത്യ നിർമ്മിക്കുന്ന വമ്പൻ നാവികത്താവള പദ്ധതിയായ പ്രോജക്‌ട് സീബേർഡിന്റെ ഡയറക്ടർ ജനറലായിരുന്നു. നാഷണൽ ഡിഫൻസ് കോളേജ് കമാൻഡന്റ്, ന്യൂക്ലിയർ സേഫ്ടി ഇൻസ്‌പെക്ടർ ജനറൽ എന്നീ പദവികൾ വഹിച്ചിരുന്നു. പാകിസ്ഥാനിൽ ഡിഫൻസ് അറ്റാഷെ ആയി പ്രവർത്തിച്ചിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചിച്ചു.