sc

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരം നടപടികൾ ജഡ്ജിമാരുടെ ആത്മവീര്യം കെടുത്തുമെന്നും സർക്കാരിന്റെ നടപടി അനുചിതമാണെന്നും കോടതി പറഞ്ഞു. വിചാരണക്കോടതിയുടെ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാജിവച്ച പബ്ളിക് പ്രോസിക്യൂട്ടർക്ക് പകരം മറ്റൊരാളെ നിയമിക്കാൻ സർക്കാരിന് ഒരാഴ്‌ചത്തെ സമയം നൽകി.

ജഡ്ജിയെ മാറ്റണമെന്ന ആവശ്യം തള്ളിയ നവംബർ 20ലെ ഹൈക്കോടതി വിധി ചോദ്യംചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി നൽകിയത്. നടിയും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിചാരണ അവസാനഘട്ടത്തിലെത്തിയിരിക്കേ, പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന ആരോപണം പരിഗണിച്ച് ജഡ്ജിയെ മാറ്റാനാകില്ല. ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയ കേസായതിനാൽ ജഡ്ജിക്ക് മേൽ സമ്മർദ്ദമുണ്ടാകാം. ആരോപണങ്ങൾക്ക് പിന്നിൽ യുക്തിപൂർവമായ വസ്തുതകളുണ്ടോ എന്നറിയണം. അതില്ലാതെ നടപടിയെടുത്താൽ ജഡ്ജിയുടെ ആത്മവീര്യത്തെ ബാധിക്കും.ജഡ്ജിയെ സഹായിക്കാൻ ബാദ്ധ്യതയുള്ള സംസ്ഥാന സർക്കാർ ആരോപണമുന്നയിച്ചത് ശരിയായില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശും വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണം ഇന്നലെയും ആവർത്തിച്ചു. ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സർക്കാരിന്റെ വാദങ്ങൾ മാത്രമെ കേൾക്കുന്നുള്ളൂവെന്ന് കോടതി വ്യക്തമാക്കി.