ന്യൂഡൽഹി: മലയാള മനോരമ ന്യൂഡൽഹി സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ ഡി. വിജയമോഹൻ(65) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയശ്രീ. മകൻ: അഡ്വ. വി.എം. വിഷ്ണു. മരുമകൾ: നീനു.
സംസ്കാരം ഡൽഹി നിഗം ബോധിഘട്ടിൽ നടന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഡി. വിജയമോഹൻ മാർ ഇവാനിയോസ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം1978ലാണ് മലയാള മനോരമയിൽ ചേർന്നത്. 1985ൽ ഡൽഹി ബ്യൂറോയിലെത്തി. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പിൽ ഇംഗ്ലണ്ടിൽ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തി. പത്രപ്രവർത്തനത്തിന്റെ ഭാഗമായി 20ലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഡൽഹി ഫിലിം സെൻസർ ബോർഡ്, ലോക്‌സഭാ പ്രസ് അഡ്വൈസറി സമിതി എന്നിവയിൽ അംഗമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടക സ്ഥാപകാംഗമാണ്. ഡൽഹിയിൽ മലയാള മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
എ. രാമചന്ദ്രന്റെ വരമൊഴികൾ, സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രം, ചെന്താർക്കഴൽ, ഈ ലോകം അതിലൊരു മുകുന്ദൻ, ഹ്യൂമർ ഇൻ പാർലമെന്റ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. ദേശീയ രാഷ‌്‌ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി. വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാദ്ധ്യമരംഗത്തെ എല്ലാമൂല്യങ്ങളെയും മുറുകെ പിടിച്ച നൻമയുടെ പ്രതീകമായിരുന്നു ഡി. വിജയമോഹനെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചിച്ചു.