
ന്യൂഡൽഹി: കൊടും തണുപ്പിലും വീര്യം ചോരാതെ കർഷകർ ഡൽഹി അതിർത്തിയിൽ സമരം തുടരവെ, വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷങ്ങളായി പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിട്ടുള്ളതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന കാർഷിക പരിഷ്‌കരണ നയങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷക ക്ഷേമത്തിനാണ് പുതിയ നിയമങ്ങളെന്ന് ആവർത്തിച്ച മോദി പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഗുജറാത്തിലെ കച്ചിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക ക്ഷേമത്തിന് കേന്ദ്രസർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. അവരുടെ ഉത്കണ്ഠകൾ പരിഹരിക്കും. പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുകയാണ്. അവർ അധികാരത്തിലിരിക്കുമ്പോൾ ഈ പരിഷ്‌കാരത്തിന് അനുകൂലമായിരുന്നു. ഒരു തീരുമാനമെടുക്കാൻ അന്നവർക്ക് കഴിഞ്ഞില്ല. ഇപ്പോൾ രാജ്യം ചരിത്രപരമായ നടപടിയെടുത്തപ്പോൾ അവർ കർഷകരെ വഴിതെറ്റിക്കുകയാണ്.
കർഷകരെ ആശയക്കുഴപ്പത്തിലാക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടക്കുകയാണ്. പുതിയ പരിഷ്‌കാരം പ്രകാരം കർഷകരുടെ ഭൂമി നഷ്ടപ്പെടുമെന്നാണ് ആശങ്ക. നിങ്ങളിൽ നിന്ന് പാല് വാങ്ങാൻ ഒരു ഡയറി ഫാം കരാറുണ്ടാക്കിയാൽ നിങ്ങളുടെ പശുവിനെയും അവർ എടുത്തുകൊണ്ടുപോകുമോയെന്നും മോദി ചോദിച്ചു. ഓരോരുത്തരും മാറുന്ന കാലത്തിനനുസരിച്ച് മുന്നോട്ടു പോകണമെന്നും ആഗോള തലത്തിൽ മികച്ച മാതൃകകളെ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിൽ നിന്നുള്ള അനാവശ്യ ഇടപെടൽ ഇല്ലാത്തതിനാൽ, ഗുജറാത്തിലെ കൃഷി, മത്സ്യബന്ധനം,പാൽ എന്നീ മേഖലകളിൽ കഴിഞ്ഞ രണ്ട് ദശാബ്ദമായി പുരോഗതി കൈവരിക്കാനായി. കർഷകരെയും സഹകരണ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് ഗുജറാത്ത് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.