parliment

ന്യൂഡൽഹി: കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചു. പകരം ജനുവരിയിൽ ബഡ്ജറ്റ് സമ്മേളനമാകും ചേരുക. കോൺഗ്രസ് ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരിക്കുള്ള കത്തിൽ കേന്ദ്ര പാർലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് വിവരം സ്ഥിരീകരിച്ചത്.

ശൈത്യകാല സമ്മേളനം നടത്താൻ വിവിധ രാഷ്‌ട്രീയ കക്ഷികളുമായി നടത്തിയ ചർച്ചകളിൽ സമവായമുണ്ടായില്ലെന്നും തുടർന്നാണ് സെഷൻ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ശൈത്യകാലത്ത് രോഗം പടർന്നു പിടിക്കാനുള്ള സാദ്ധ്യത കണക്കിലെടുക്കേണ്ടതുണ്ടെന്ന് പല നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ബഡ്ജറ്റ് സമ്മേളനം എത്രയും പെട്ടെന്ന് വിളിച്ചു ചേർക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

വിവാദ കർഷക നിയമങ്ങൾ ചർച്ച ചെയ്യാൻ ശൈത്യകാല സമ്മേളനം വിളിക്കണമെന്ന ആദിർ രഞ്ജൻ ചൗധരിയുടെ കത്തിന് മറുപടിയായാണ് പ്രഹ്ളാദ് ജോഷി ഇക്കാര്യം അറിയിച്ചത്. അതേസമയം ശൈത്യകാലം ഉപേക്ഷിക്കുന്ന കാര്യം തങ്ങളോട് ചർച്ചചെയ്‌തിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

 കർഷക സമരം മൂലം സമ്മർദ്ദത്തിലായ കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ആക്രമണത്തെ നേരിടാൻ കഴിയാത്തതിനാൽ കൊവിഡിന്റെ പേരു പറഞ്ഞ് സമ്മേളനം ഉപേക്ഷിക്കുകയാണ്.

ഗുലാം നബി ആസാദ്,

രാജ്യസഭ പ്രതിപക്ഷ നേതാവ്