aims

ന്യൂഡൽഹി: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഡൽഹി എയിംസിലെ നഴ്സുമാർ തുടങ്ങിയ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു. ജനുവരി 18 വരെ സമരം നിറുത്തണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തിങ്കളാഴ്ച ആരംഭിച്ച സമരം നിറുത്താൻ എയിംസ് നഴ്സസ് യൂണിയൻ തീരുമാനിച്ചത്. സമരം നിയമവിരുദ്ധമാണെന്നും ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എയിംസ് അഡ്മിനിസ്ട്രേഷനാണ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. നഴ്‌സുമാരുടെ യൂണിയൻ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുകയാണെന്നും എയിംസ് അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് ഹർജി വീണ്ടും പരിഗണിക്കുന്ന ജനുവരി 18 വരെ സമരം നിറുത്തിവച്ച് ജോലിയിൽ തിരികെ പ്രവേശിക്കാൻനജസ്റ്റിസ് നവിൻ ചൗള ഉത്തരവിട്ടത്. ഹർജിയിൽ യൂണിയനിൽ നിന്ന് കോടതി മറുപടിയും തേടി.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ നഴ്‌സുമാർ കൂട്ടത്തോടെ സമരത്തിനിറങ്ങിയത് എയിംസിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അതിനിടെ
എയിംസ് പ്രക്ഷോഭത്തിന് ഡൽഹി നഴ്‌സിംഗ് ഫെഡറേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ആറാം ശമ്പളകമ്മിഷൻ ശുപാർശയ്ക്ക് അനുസൃതമായ ശമ്പളപരിഷ്‌കാരം നടപ്പാക്കുക, കൊവിഡ് പ്രതിരോധത്തിൽ മുന്നണിയിലുള്ള നഴ്സുമാർക്കും റിസ്ക് അലവൻസ് ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മലയാളികൾ ഉൾപ്പടെ ആയിരത്തിലേറെ നഴ്സുമാർ സമരത്തിനിറങ്ങിയത്.

സമരം അവസാനിപ്പിക്കണമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ അഭ്യർത്ഥന തള്ളിയാണ് സമരവുമായി മുന്നോട്ടുപോയത്. ഇന്നലെ അധികൃതരുമായി യൂണിയൻ നേതാക്കൾ ചർച്ച നടത്തി.