pranab


ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ദി പ്രസിഡൻഷ്യൽ ഇയേഴ്സ്' എന്ന പുസ്‌തകത്തെ ചൊല്ലി മക്കളും കോൺഗ്രസ് നേതാക്കളുമായ അഭിജിത് മുഖർജിയും ശർമ്മിഷ്ഠ മുഖർജിയും തമ്മിൽ തർക്കം. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെക്കുറിച്ചും പാർട്ടിയുടെ നാശത്തിന് വഴിതെളിച്ച ഘടകങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം നിറുത്തിവയ്‌ക്കണമെന്ന അഭിജിത്തിന്റെ ആവശ്യം ശർമ്മിഷ്ഠ തള്ളിയതാണ് വിഷയം.

ജനുവരിയിൽ പുറത്തിറങ്ങുന്ന പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പ്രസാധകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതു തന്റെ അറിവോടെ അല്ലെന്നും കയ്യെഴുത്തു പ്രതി കണ്ട് ബോധ്യപ്പെടുന്നതു വരെ പ്രസിദ്ധീകരണം നിറുത്തണമെന്നുമാണ് മുൻ എം.പികൂടിയായ അഭിജിത്തിന്റെ ആവശ്യം. ഇതിനെ മകൾ ശർമ്മിഷ്ഠ തള്ളി.

താൻ രാഷ്‌ട്രപതിയായ ശേഷം കോൺഗ്രസിന് ലക്ഷ്യം പിഴച്ചെന്നും സോണിയാ ഗാന്ധിക്ക് പാർട്ടിയെ നയിക്കാൻ കഴിഞ്ഞില്ലെന്നും പുസ്‌തകത്തിൽ പ്രണബ് വിവരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് പാർട്ടി എം.പിമാരുമായി ബന്ധമില്ലായിരുന്നു എന്നും താൻ ആ സ്ഥാനത്തേക്ക് വരാൻ പലരും ആഗ്രഹിച്ചെന്നും അദ്ദേഹം മനസു തുറക്കുന്നു. പുസ്‌തകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏകാധിപതിയായി വിശേഷിപ്പിക്കുന്നുമുണ്ട്.

കയ്യെഴുത്തു പ്രതി കണ്ട് ബോധ്യപ്പെടുന്നത് വരെ പ്രസിദ്ധീകരണം നിറുത്തിവയ്ക്കണം. പിതാവ് ജീവിച്ചിരിപ്പില്ല. മകൻ എന്ന നിലയിൽ ഇത് എന്റെ അവകാശമാണ്. അച്ഛൻ ജീവിച്ചിരുന്നെങ്കിലും ഇതു തന്നെ ചെയ്യുമായിരുന്നു

- അഭിജിത്

 കയ്യെഴുത്തു പ്രതി കൂടുതൽ വിശകലനത്തിന് വിധേയമാക്കേണ്ടതില്ല. അച്ഛന്റെ അഭിപ്രായങ്ങൾ പുറത്തു വരുന്നതിൽ കുഴപ്പമില്ല. മോശം പബ്ളിസിറ്റിക്ക് വേണ്ടി ആരും അതു തടയേണ്ടതില്ല. അതു ചെയ്താൽ പ്രണബിനോടുള്ള അനാദരവാകും.

- ശർമ്മിഷ്ഠ