supream-court

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം വൈകാതെ ദേശീയ പ്രശ്നമായി മാറാൻ സാദ്ധ്യതയുണ്ടെന്ന് സുപ്രീംകോടതി. കേന്ദ്രം ഇതുവരെ നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനാൽ പ്രശ്നപരിഹാരത്തിനായി രാജ്യത്തെ കർഷക സംഘടനകൾ കൂടി ഉൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന നിർദ്ദേശവും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ,ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് മുന്നോട്ടുവച്ചു.

ഡൽഹി അതിർത്തികൾ ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിനും ഹരിയാന, യു.പി, ഡൽഹി, പഞ്ചാബ് സർക്കാരുകൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജികൾ വീണ്ടും ഇന്ന് പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ബെഞ്ച് വ്യക്തമാക്കി.
തുറന്നമനസോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടേക്കാമെന്ന് ബെഞ്ച് വാക്കാൽ പറഞ്ഞു. നിയമങ്ങൾ തങ്ങൾക്കെതിരാണെന്ന് കർഷകർ കരുതുന്നു. കർഷക സമരം ദേശീയ പ്രശ്‌നമായി വൈകാതെ മാറിയേക്കാം. കേന്ദ്രം നടത്തിയ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

കർഷകരെ പ്രതികൂലമായി ബാധിക്കുന്നതൊന്നും കേന്ദ്രം ചെയ്യില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

തങ്ങളെ മോശമായി ബാധിക്കുമെന്ന് കർഷകർ പറയുമ്പോൾ ഈ വാദത്തിൽ എന്ത് കാര്യമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
കേന്ദ്രകൃഷിമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തിയെങ്കിലും കർഷകർ പുറം തിരിഞ്ഞുനിൽക്കുകയാണ്. യെസ് ഓർ നോ എന്ന സമീപനമാണ് കർഷക സംഘടനകളുടേതെന്നും തുഷാർമേത്ത പറഞ്ഞു.

കൊവിഡ് സാഹചര്യവും യാത്രാ ദുരിതവും ചൂണ്ടിക്കാട്ടി അഭിഭാഷകരായ ജി.എസ് മണി, റീപക് കൻസൽ, നിയമവിദ്യാർത്ഥി ഋഷബ് ശർമ്മ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിഷേധിക്കുന്ന കർഷക സംഘടനകളെ ഹർജിയിൽ കക്ഷി ചേർക്കാൻ സുപ്രീംകോടതി ഹർജിക്കാർക്ക് അനുമതി നൽകി.