
ന്യൂഡൽഹി: രാജ്യത്തെ തദ്ദേശീയ ജനുസിലുള്ള പശുക്കളെക്കുറിച്ച് യുവാക്കളെ പഠിപ്പിക്കാൻ രാജ്യത്തെ യൂണിവേഴ്‌സിറ്റികളും കോളേജുകളും കാമധേനു ചെയർ സ്ഥാപിച്ചേക്കും.
രാഷ്ട്രീയ കാമധേനു ആയോഗ് സംഘടിപ്പിച്ച വെബ്മിനാറിൽ ചെയർമാൻ വല്ലഭായ് കാതിരിയ ആണ് നിർദ്ദേശം മുന്നോട്ടുവച്ചത്. നിർദ്ദേശം വൈസ് ചാൻസലർമാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ദോത്ര കാമധേനു ചെയർ തുടങ്ങുന്നതിനെ പിന്തുണച്ചു. ഏതെങ്കിലും കോളേജുകളും സർവകലാശാലകളും ചരിത്രപരമായ ഈ നടപടിയെടുത്താൽ ബാക്കിയുള്ളവരും വഴിയെ ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കാമധേനു റിസർച്ച് സെന്റർ സ്റ്റഡി സെന്റർ, സെന്റർ ഒഫ് എക്‌സലൻസ്, കാമധേനു യൂണിവേഴ്‌സിറ്റി തുടങ്ങിയ നിർദ്ദേശങ്ങളും വെബ്മിനാറിൽ ഉയർന്നുവന്നു.