domenc-raab

ന്യൂഡൽഹി: കാർഷിക നിയമ പരിഷ്‌കരണങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. അതേസമയം ഇന്ത്യൻ സമൂഹം ബ്രിട്ടനിലുള്ളതിനാൽ പ്രതിഷേധം ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ കൂടി ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംയുക്തമായുള്ള കൊവിഡ് വാക്‌സിൻ വികസനം, ഇൻഡോ -പസിഫിക് സഹകരണം, മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കൽ എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കുടിയേറ്റം, വിദ്യാഭ്യാസം, ഊർജ്ജം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സമഗ്ര സഹകരണത്തിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദം പൂർണമായ തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാബുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. 2021ൽ യു.കെയിൽ നടക്കുന്ന ജി 7 യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്ന ബോറിസ് ജോൺസന്റെ കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.