
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിൽ സുരക്ഷാ വീഴ്‌ച ആരോപിച്ച് പശ്ചിമ ബംഗാൾ കേഡറിലെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ തിരികെ വിളിച്ച കേന്ദ്ര നടപടി അവഗണിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വീണ്ടും കേന്ദ്രം.
ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സംസ്ഥാനങ്ങളെക്കാൾ അധികാരം കേന്ദ്രത്തിനുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നുപേരെയും പുതിയ തസ്തികകളിൽ നിയമിച്ചു.
പുതിയ തസ്‌തികകളിൽ ചുമതലയേൽക്കാൻ മൂന്ന് ഉദ്യോഗസ്ഥർക്കും സംസ്ഥാനത്ത് നിന്ന് വിടുതൽ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
നിലിവിൽ ഡയമണ്ട് ഹാർബർ എസ്.പിയായ ബോലെനാഥ് പാണ്ഡെയെ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ (ബി.പി.ആർ.ഡി) എസ്.പിയായും പ്രസിഡൻസി റേഞ്ച് ഡി.ഐ.ജിയായ പ്രവീൺ ത്രിപാഠിയെ അതിർത്തി രക്ഷാ സേനയായ സശസ്‌ത്ര സീമാ ബലിന്റെ (എസ്.എസ്.ബി) ഡി.ഐ.ജിയായും സൗത്ത് ബംഗാൾ എ.ഡി.ജിയായ രാജീവ് മിശ്രയെ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്(ഐ.ടി.ബി.പി) ഐ.ജിയായുമാണ് നിയമിച്ചിരിക്കുന്നത്.
കേന്ദ്ര നീക്കം തികച്ചും ഭരണഘടനാ വിരുദ്ധവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് മമതാ ബാനർജി പ്രതികരിച്ചു. കേന്ദ്രം1954ലെ ഐ.പി.എസ് കേഡർ നിയമത്തിലെ ചട്ടങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന രീതിയിലെ നീക്കം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്കുള്ള കൈകടത്തലാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ഫെഡറൽ വ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരാണ്. സംസ്ഥാന ഭരണ സംവിധാനത്തെ പരോക്ഷമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് മുതിൽ തലകുനിക്കില്ലെന്നും മമത വ്യക്തമാക്കി.