
ന്യൂഡൽഹി: മറ്റുള്ളവരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കാതെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം തടയില്ലെന്ന് സുപ്രീംകോടതി. എന്നാൽ, പരസ്പര ചർച്ചകളിലൂടെ മാത്രമേ ഉദ്ദേശ്യം നേടാനാകൂ. അതിനായി സ്വതന്ത്രവും നിഷ്പക്ഷവുമായി സമിതി രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചു.
പ്രതിഷേധിക്കാനുള്ള മൗലികാവകാശം മറ്റുള്ളവരുടെ മൗലികാവകാശത്തെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കരുത്. ചർച്ചകൾക്ക് വഴിയൊരുക്കാനായി പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിറുത്തിവയ്ക്കാമോയെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. സർക്കാരുമായി ആലോചിച്ചശേഷം അറിയിക്കാമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ മറുപടി നൽകി.
അതേസമയം, സമരംചെയ്യുന്ന കർഷക സംഘടനകളെ പ്രതിനിധീകരിച്ച് ആരും ഹാജരാകാത്തതിനാൽ, ഡൽഹി അതിർത്തി സ്തംഭിപ്പിച്ചുള്ള സമരം അവസാനിപ്പിക്കണമെന്ന ഹർജികളിൽ ഉത്തരവിറക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ക്രിസ്മസ് അവധിക്കായി ഇന്ന് കോടതി അടയ്ക്കുന്നതിനാൽ ,ഹർജികൾ വെക്കേഷൻ ബെഞ്ച് പരിഗണിക്കും.
വർഷങ്ങളോളം
സമരം പറ്റില്ല
വർഷങ്ങളോളം സമരമിരിക്കാനാകില്ലെന്നും, ചർച്ചയ്ക്കുള്ള സമിതിയിൽ മാദ്ധ്യമപ്രവർത്തകൻ പി.സായ്‌നാഥ് ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ ഓരോ വ്യവസ്ഥകളും ചർച്ചചെയ്യാൻ കേന്ദ്രം തയ്യാറാണെന്ന് അറ്റോർണി ജനറൽ അറിയിച്ചു. എന്നാൽ കർഷകർ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കമ്മിറ്റി തീരുമാനിക്കട്ടെയെന്നും ബെഞ്ച് പറഞ്ഞു.
പുതിയ നിയമങ്ങളുടെ സാധുത ഇപ്പോൾ പരിശോധിക്കില്ല. കർഷക സമരവും പൗരന്റെ സഞ്ചാരസ്വാതന്ത്ര്യവുമാണ് പരിഗണനാവിഷയം. സമരക്കാർ അക്രമത്തിന് വഴിവയ്ക്കരുത്. പൊലീസും ബലപ്രയോഗം നടത്തരുത്. നഗരത്തെ ഇങ്ങനെ സ്തംഭിപ്പിച്ചാൽ ഡൽഹിയിലുള്ളവർ പട്ടിണിയിലാവും. ഞങ്ങളും ഇന്ത്യക്കാരാണ്. കർഷക ദുരിതത്തെക്കുറിച്ച് ബോധവാൻമാരാണ്- കോടതി പറഞ്ഞു.
കർഷകർക്ക്
കടുംപിടിത്തമെന്ന്
കർഷക നിയമം പിൻവലിക്കമോ ഇല്ലയോ എന്ന കടുംപിടിത്തത്തിലാണ് കർഷകരെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. ആറുമാസത്തേക്കുള്ള സജ്ജീകരണവുമായാണ് അവരെത്തിയത്. അതിർത്തി സ്തംഭിപ്പിക്കലും വിതരണം തടയലും യുദ്ധകാലത്ത് മാത്രമേ നടക്കാറുള്ളൂ. 22 ദിവസത്തെ ഉപരോധം കാരണമുള്ള നഷ്ടം വലുതാണ്. ആളുകൾക്ക് ജോലിക്ക് പോകാനാകുന്നില്ല. ആംബുലൻസുകളെ കടത്തിവിടുന്നില്ല. കൊവിഡ് വ്യാപന ഭീഷണിയുണ്ട്. പ്രതിഷേധക്കാർ ഗ്രാമങ്ങളിലേക്ക് മടങ്ങിയാൽ കാട്ടുതീ പോലെ കൊവിഡ് പടരാൻ സാദ്ധ്യതയുണ്ടെന്നും എ.ജി പറഞ്ഞു.
ജനജീവിതത്തെ ബാധിച്ചു
കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റുള്ളവരുടെ മൗലികാവകാശത്തെയാണ് ബാധിക്കുന്നതെന്ന് ഡൽഹിയിലെ താമസക്കാരനായ ഹർജിക്കാരന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. രണ്ടു കോടിയിലേറെ ജനസംഖ്യയുള്ള ഡൽഹിക്ക് ഇതുപോലെ നിലനിൽക്കാനാകില്ല. പഴവും പച്ചക്കറിയും എല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് വരുന്നത്. റോഡ് തടസപ്പെടുത്തിയത് ചരക്ക് നീക്കത്തെ ബാധിച്ചു. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുവെന്നും സാൽവെ പറഞ്ഞു. അതേസമയം ചർച്ചകൾക്കായി സമിതി രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പഞ്ചാബ് സർക്കാരിനായി ഹാജരായ പി.ചിദംബരം അറിയിച്ചു.